തിരുവനന്തപുരം : ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ വൻ വർധനവ് വരുത്തണമെന്ന പിഎസ്‌സിയുടെ ആവശ്യം സർക്കാർ പരിഗണനയിൽ. 2016 മുതൽ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കണമെന്നാണ് പിഎസ്‌സി നൽകിയിരിക്കുന്ന കത്തിലെ ആവശ്യം. കത്തിന്റെ വിശദാംശങ്ങൾ സർക്കാർ നിയമസഭയിൽ വെളിപ്പെടുത്തി. അതേസമയം സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉടൻ തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. എന്നാൽ എപ്പോൾ തീരുമാനമെടുത്താലും ശമ്പള കുടിശിക മുൻകാല പ്രാബല്യത്തോടെ നൽകേണ്ടിവരും. പിഎസ്‌സി അംഗമാകാൻ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടികൾ ശുപാർശ ചെയ്യുന്നവർക്ക് അംഗങ്ങളാകാം. ഉയര്‍ന്ന പെൻഷനും കുടുംബത്തിന് ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പിഎസ്‌സിയാണ് കേരളത്തിലേത്.
ജുഡീഷ്യൽ ഓഫിസർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും 2016 മുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്ക്കരിച്ച രീതി പിഎസ്‌സിയിലും നടപ്പിലാക്കണമെന്നാണ് ചെയർമാൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ചെയർമാന്‍ ഉൾപ്പെടെ 19 അംഗങ്ങളാണ് ഇപ്പോൾ പിഎസ്‌സിയിലുള്ളത്. ആകെ 21 അംഗങ്ങൾ.നിലവിൽ രണ്ട് ഒഴിവുകളുണ്ട്.
2006ൽ ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം പരിഷ്ക്കരിച്ചപ്പോൾ ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായും, അംഗങ്ങളുടെ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സെലക്‌ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായും ഉയർത്തിയിരുന്നതായും പിഎസ്‌സിയുടെ കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഇപ്പോൾ ചെയർമാന്റെ അടിസ്ഥാന ശമ്പളം 76,450 രൂപയാണ്. ഇത് 2,24,100രൂപയായി ഉയർത്തണമെന്നാണ് ആവശ്യം. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 70,290 രൂപയിൽനിന്ന് 2,19,090 രൂപയായി ഉയർത്തണം. വീടിന്റെ വാടക അലവന്‍സ് 10,000 രൂപയിൽനിന്ന് 35,000 രൂപയാക്കണം. യാത്രാബത്ത 5000 രൂപയിൽനിന്ന് 10,000 ആക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ എല്ലാ അലവൻസുകളും ചേർത്ത് 2.26 ലക്ഷം രൂപയാണ് ചെയർമാന്റെ ശമ്പളം. അംഗങ്ങൾക്ക് 2.23 ലക്ഷവും. പുതിയ പരിഷ്ക്കരണം നടപ്പിലാക്കിയാൽ ചെയർമാനും അംഗങ്ങൾക്കും കേന്ദ്ര ഡിഎ ഉൾപ്പെടെ മൂന്നരലക്ഷത്തിലധികം രൂപ ലഭിക്കും. 35 കോടിയോളം രൂപ ശമ്പള കുടിശിക നൽകാനായി ചെലവാകും.

