Sunday, May 19, 2024
spot_img

പിഎസ്‌സി പരീക്ഷ തട്ടിപ്പ്: ചോദ്യപേപ്പര്‍ ചോര്‍ത്തിയ പ്രവീണ്‍ കീഴടങ്ങി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ച് നടന്ന പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവ്. പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയ മുഖ്യപ്രതി പ്രവീണ്‍ ഇന്ന് കീഴടങ്ങി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതി കീഴടങ്ങിയത്. ഇപ്പോള്‍ ജാമ്യം ലഭിച്ച കേസിലെ മുഖ്യപ്രതികളായ നസീമിനും ശിവരഞ്ജിത്തിനും ചോദ്യപേര്‍പ്പര്‍ ചോര്‍ത്തി എത്തിച്ച് നല്‍കിയത് പ്രവീണാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പരീക്ഷ നടക്കുമ്പോള്‍ പ്രതികളുടെ ഫോണിലേക്ക് നിരന്തരം സന്ദേശങ്ങള്‍ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കോപ്പിയടിക്കാന്‍ സ്മാര്‍ട് വാച്ച് ഉപയോഗിച്ചെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുമുണ്ട്. എന്നാല്‍ പ്രവീണിനെ ചോദ്യം ചെയ്താല്‍ മാത്രമെ കോപ്പിയടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് സംഘര്‍ഷത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ ഞെട്ടിച്ച ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ പുറത്തുവന്നത്. കുത്തുകേസില്‍ അറസ്റ്റിലായ പ്രതികള്‍ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചത് വിവാദമായതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്.

യൂണിവേഴ്‌സിറ്റി കത്തിക്കുത്ത്, പിഎസ്‌സി പരീക്ഷ തിരിമറി കേസുകളിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതോടെയാണ് ഇരുവര്‍ക്കും സ്വാഭാവികജാമ്യം ലഭിച്ചത്.

Related Articles

Latest Articles