Friday, June 14, 2024
spot_img

അയ്യപ്പഭക്തരെ പ്രകോപിപ്പിച്ച്‌ പിഎസ്‌സി ചോദ്യം; ശബരിമല യുവതീപ്രവേശനം സംബന്ധിച്ച്‌ വിവാദ ചോദ്യത്തെ തുടർന്ന് സമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം: അയ്യപ്പഭക്തരെ പ്രകോപിപ്പിച്ച്‌ പിഎസ്‌സി പരീക്ഷയില്‍ ശബരിമല യുവതീപ്രവേശനം സംബന്ധിച്ച്‌ വിവാദ ചോദ്യം. കഴിഞ്ഞ ദിവസം നടന്ന പിഎസ്‌സി പരീക്ഷയിലാണ് അയ്യപ്പഭക്തരെ ചൊടിപ്പിക്കുന്ന തരത്തിലുള്ള ചോദ്യം നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി വിധിക്കുശേഷം ആദ്യമായി ശബരിമലയില്‍ കയറിയ 10നും 50നും വയസ്സിനിടയ്ക്കുള്ള സ്ത്രീ ആര് എന്നായിരുന്നു പിഎസ്‌സിയുടെ ചോദ്യം.

ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സൈക്യാട്രി വിഭാഗത്തിലെ പരീക്ഷയിലാണ് വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള ചോദ്യം രൂപപ്പെടുത്തിയിരിക്കുന്നത്. മനീതി സംഘാംഗങ്ങളുടെ പേരുസഹിതം ഉള്‍പ്പെട്ടതായിരുന്നു പിഎസ്‌സിയുടെ ഉത്തരസൂചിക. ഓണ്‍ലൈനായായിരുന്നു പരീക്ഷ നടത്തിയത്. ആല്‍ഫാ കോഡ് എ പേപ്പറിലെ ക്രമനമ്പര്‍ ഒമ്പതാമത്തെ ചോദ്യമാണ് വിവാദമായിരിക്കുന്നത്. ഭൂരിപക്ഷ മതവിഭാഗം ഉള്‍ക്കൊള്ളുന്ന വിശ്വാസികളെ കുത്തിനോവിക്കുന്ന തരത്തിലുള്ളതാണ് പിഎസ്‌സിയുടെ ചോദ്യം.

ഉത്തരം എഴുതാന്‍ ബിന്ദു തങ്കം കല്യാണി-ലിബി. സി.എസ്, സുര്യദേവാര്‍ച്ചന-പാര്‍വതി, ബിന്ദു അമ്മിണി- കനകദുര്‍ഗ എന്നിവരുടെ പേരുകള്‍ ഓപ്ഷനായി നല്‍കിയിട്ടുണ്ട്. എന്നാല്‍ ശബരിമല യുവതീപ്രവേശനത്തെ അതിശക്തമായി എതിര്‍ക്കുകയും സമരമുഖം നയിക്കുകയും ചെയ്ത ഹൈന്ദവ സംഘടനാ നേതാക്കളുടെ പേരുകള്‍ കൂടി ഓപ്ഷനില്‍ ഉള്‍പ്പെടുത്തി അപമാനിക്കുകയും ചെയ്തു. ചോദ്യപ്പേപ്പറില്‍ മൂന്നാമത്തെ ഓപ്ഷനായി നല്‍കിയത് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചറിന്റെയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെയും പേര്.

പരീക്ഷയ്ക്ക് ആവശ്യമല്ലാത്ത ചോദ്യം ചോദിച്ചത് ഭക്തരെ പ്രകോപിക്കാനാണെന്ന് ആരോപിച്ച്‌ സമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

Related Articles

Latest Articles