ദില്ലി: പൊതുമേഖലാ സ്ഥാപനങ്ങൾ നരേന്ദ്രമോദി സർക്കാർ വിറ്റു തുലയ്ക്കുന്നു എന്ന പ്രതിപക്ഷ പ്രചാരണത്തെ അസ്ഥാനത്താക്കി റെക്കോർഡ് ലാഭം നേടി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ. എക്കാലത്തെയും റെക്കോർഡാണ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ സഞ്ചിത ലാഭം. അഞ്ചു ലക്ഷം കോടിരൂപയാണ് സഞ്ചിത ലാഭം. 67000 കോടി രൂപയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിൽ ഒന്നാം സ്ഥാനത്ത്. 49221 കോടിരൂപയുമായി ഒ എൻ ജി സി തൊട്ടു പിന്നാലെയുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, എൽ ഐ സി, കോൾ ഇന്ത്യ തുടങ്ങിയ കമ്പനികൾ ആദ്യ അഞ്ചിലുണ്ട്. 2021 മാർച്ചിലെ കണക്കനുസരിച്ച് രാജ്യത്ത് 255 കേന്ദ്ര പൊതുമേഖലാ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഒരു കമ്പനിയുടെ ഓഹരികളിൽ 51 ശതമാനമോ അതിൽ കൂടുതലോ കേന്ദ്ര സർക്കാരോ മറ്റ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളോ ആണെങ്കിൽ അത്തരം കമ്പനികളാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ.
1991-92 സാമ്പത്തിക വർഷം മുതൽ ഇന്ത്യ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരിവിറ്റഴിക്കൽ പ്രക്രിയ തുടങ്ങിയിരുന്നു. സ്വാതന്ത്ര്യാനന്തരം പൊതുമേഖലയാണ് രാജ്യത്തിൻറെ വളർച്ചയുടെ എഞ്ചിനായി കരുത്തപ്പെട്ടിരുന്നതെങ്കിലും കാലക്രമേണ പൊതുമേഖലയുടെ കാര്യക്ഷമത കുറയുകയും സ്വകാര്യ നിക്ഷേപത്തിന്റെ ഗുണഫലങ്ങൾ കൂടിയതോടെയുമാണ് രാജ്യം ഓഹരിവിറ്റഴിക്കൽ ആരംഭിച്ചത്. സർക്കാരിന്റെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനും ക്ഷേമപദ്ധതികൾക്കായി കൂടുതൽ പണം കണ്ടെത്താനും കമ്പനികളുടെ കാര്യക്ഷമതയും ഉൽപ്പാദന ക്ഷമതയും വർദ്ധിപ്പിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിലില്ലായ്‌മ കുറയ്ക്കാനും ഓഹരി വിറ്റഴിക്കൽ കൊണ്ട് സാധിച്ചു. കോൺഗ്രസ് സർക്കാരാണ് ഇത് തുടങ്ങിവച്ചതെങ്കിലും ബിജെപി സർക്കാരുകളാണ് ഇത് കാര്യക്ഷമമായി നടപ്പിലാക്കിയത്. ഈ തന്ത്രപരമായ വിൽപ്പനയെയാണ് വിറ്റ് തുലയ്ക്കലെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നത്. എന്നാൽ ഓഹരി വിൽപ്പന പൊതുമേഖലയെ നശിപ്പിക്കുകയല്ല മറിച്ച് ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് പുതിയ ലാഭക്കണക്കുകൾ തെളിയിക്കുന്നു.
എന്നാൽ പൊതുമേഖലയുടെ സംരക്ഷകർ എന്നവകാശപ്പെടുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ നില പക്ഷെ പരിതാപകരമാണ്. 59 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലും 57 സ്ഥാപനങ്ങൾ ലാഭത്തിലുമാണ് കേരളത്തിൽ. 59 കമ്പനികളുടെ നഷ്ടം 5700 കോടിയാണ്. ലാഭമാകട്ടെ വെറും 889 കോടിയും സഞ്ചിത നഷ്ടം 4811 കോടി (2022-23)

