Thursday, May 16, 2024
spot_img

ദേശീയ ദുരന്തനിവാരണ സേനയുടെ 9 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; പഞ്ചാബിൽ കുഴല്‍കിണറില്‍ നിന്ന് പുറത്തെടുത്ത ആറുവയസ്സുകാരൻ മരിച്ചു

 

അമൃത്സര്‍: 9 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി. പഞ്ചാബില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുടുങ്ങിയ കുട്ടി, രക്ഷാപ്രവര്‍ത്തിന് പിന്നാലെ ആശുപത്രിയില്‍വെച്ച് മരിച്ചു. ഹൊശിയാര്‍പുറിലെ ഗഡ്‌രിവാല ഗ്രാമത്തില്‍നിന്നുള്ള റിതിക് റോഷന്‍ എന്ന ആറുവയസുകാരനാണ് സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച് മരിച്ചത്. 9മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപെടുത്തിയത്.

വയലില്‍ കളിക്കുന്നതിനിടയില്‍ കുട്ടിയെ തെരുവു നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ഭയന്നോടുന്നതിനിടയില്‍ ചാക്കുകൊണ്ട് മൂടിയ കുഴല്‍ കിണറില്‍ വീഴുകയുമായിരുന്നു. കുട്ടിയെ ക്ലിപ് ഉപയോഗിച്ച് കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെത്തിക്കാന്‍ തുടക്കത്തില്‍ ശ്രമിച്ചുവെങ്കിലും കുട്ടി കൂടുതല്‍ താഴേക്ക് പോകുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ കുഴല്‍കിണറിലേക്ക് ഓക്‌സിജന്‍ നല്‍കിയെങ്കിലും കുട്ടി ബോധരഹിതനായി.

തുടർന്ന് കുഴല്‍ക്കിണറിന് സമാന്തരമായി തുരങ്കം കുഴിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദേശീയ ദുരന്തനിവാരണ സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുടിയേറ്റ തൊഴിലാളികളുടെ മകനാണ് റിതിക് റോഷന്‍.

Related Articles

Latest Articles