Tuesday, June 11, 2024
spot_img

സഹോദരൻ ബിജെപിയിൽ ചേർന്നു; പഞ്ചാബിൽ ചരൺ ജിത്ത് സിങ് ഛന്നിയ്ക്ക് തിരിച്ചടി

അമൃത്സർ: പഞ്ചാബിൽ ചരൺ ജിത്ത് സിങ് ഛന്നിയ്ക്ക് (Charanjit Singh Channi)തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിങ് ഛന്നിയുടെ അടുത്ത ബന്ധുവും സഹോദരനുമായ ജസ്വീന്ദർ സിംഗ് ധലിവാൾ ബിജെപിയിൽ ചേർന്നു. ഛന്നിയുടെ ‘കസിൻ’ ആണ് ജസ്വീന്ദർ സിംഗ് ധലിവാൾ. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിധ്യത്തിൽ ചണ്ഡീഗഡിൽ വച്ചാണ് അദ്ദേഹം ബിജെപിയിൽ അംഗത്വം നേടിയത്.

ധലിവാളിന് പുറമെ പഞ്ചാബിൽ നിന്നുള്ള മുൻ എംഎൽഎയായ അരവിന്ദ് ഖന്ന, ശിരോമണി അകാലിദൾ നേതാവ് ഗുർദീപ് സിങ് ഗോഷ, അമൃത്സർ മുൻ കൗൺസിലർ ധരംവീർ സരിൻ തുടങ്ങീ നിരവധി നേതാക്കളും ബിജെപിയിൽ ചേർന്നു. അതേസമയം പാർട്ടിയിലെ വിമതർക്കെതിരെ ശക്തമായ നടപടികളെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചു. പ്രശ്‌നക്കാരാണെന്ന് തോന്നുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഇടഞ്ഞു നിൽക്കുന്നത് കോൺഗ്രസിന് വലിയ തലവേദനയായിട്ടുണ്ട്.

മിക്ക സംസ്ഥാനങ്ങളിലും പാർട്ടിക്കുള്ളിൽ ഈ പ്രതിസന്ധി ശക്തമാണ്. പഞ്ചാബ് കോൺഗ്രസിനുള്ളിലും പാർട്ടിക്കുള്ളിലെ പ്രതിസന്ധി രൂക്ഷമാണ്. നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നിയും സംസ്ഥാന അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവും മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലി ആരംഭിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിലും രണ്ടു പേരുടേയും പേരിൽ ചേരിതിരിവ് ശക്തമാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളാണെന്നും, ഹൈക്കമാൻഡ് അല്ലെന്നും സിദ്ദു കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാർട്ടിയാണെന്നാണ് ഛന്നി പറഞ്ഞത്.

Related Articles

Latest Articles