Monday, May 20, 2024
spot_img

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ആറു മാസത്തിനുള്ളിൽ ; മണ്ഡലത്തിൽ ഉമ്മൻചാണ്ടിയുടെ പിൻഗാമി ആര്?

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പിൻഗാമിയെ കണ്ടെത്താനുള്ള ഉപതിരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളിൽ നടക്കും. മണ്ഡലത്തിലെ ജനപ്രതിനിധിയുടെ വിയോഗവിവരം, നിയമസഭ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. കമ്മിഷനാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്.

സർക്കാരിന് ഒരു വർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ടെങ്കിൽ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിലവിലെ ചട്ടം. ഒരു വർഷത്തിൽ താഴെയാണെങ്കിൽ ഉപതെരഞ്ഞെടുപ്പ് വേണമോ എന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുക്കാം. നിലവിലെ എൽഡിഎഫ് സർക്കാരിന് രണ്ടര വർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നതിനാൽ പുതുപ്പള്ളിയിൽ ഉപതെരെഞ്ഞെടുപ്പ് ആറുമാസത്തിനുള്ളിൽ തന്നെ നടക്കും.

അതെസമയം ഉപതിരഞ്ഞെടുപ്പ് അധികം വൈകില്ലെന്നും രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനൊപ്പം നടക്കുമെന്നുമാണ് ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തിയത്. അടുത്തമാസം ആദ്യം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം തെരഞ്ഞെടുപ്പു വിഷയത്തിൽ ചർച്ച നടക്കും എന്നാണ് ലഭിക്കുന്ന വിവരം.

മറുപക്ഷത്ത് ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് കോൺഗ്രസ്. രാഷ്ട്രീയം ചർച്ച ചെയ്യാനുള്ള അന്തരീക്ഷമൊരുങ്ങാൻ ആഴ്ചകളെടുക്കും. ജനപ്രതിനിധികളായ പ്രമുഖ നേതാക്കളുടെ വിയോഗമുണ്ടായാൽ അവരുടെ കുടുംബത്തിൽനിന്ന് പിൻഗാമികളെ കണ്ടെത്തുന്നതാണ് യുഡിഎഫ് പിൻതുടരുന്ന രീതി. അങ്ങനെ നോക്കുമ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ള ആൾ തന്നെയാണ് പുതുപ്പള്ളി മണ്ഡലത്തിലെ പിൻഗാമിയാകുവാൻ സാധ്യത.

Related Articles

Latest Articles