തിരുവനന്തപുരം: സിപിഎം വിമത എം എൽ എ പി വി അൻവർ ഈ സമ്മേളനം തുടങ്ങിയതിന് ശേഷം ആദ്യമായി ഇന്ന് നിയമസഭയിലെത്തി. ഡി എം കെ യുടെ നിറങ്ങളായ കറുപ്പും ചെമപ്പും നിറമുള്ള ഷാളണിഞ്ഞാണ് അൻവർ നിയമസഭയിലെത്തിയത്. പ്രതിപക്ഷ നിരയിൽ നിന്നും ഊഷ്മള സ്വീകരണമാണ് പി വി അൻവറിന് ലഭിച്ചത്. ലീഗ് എം എൽ എ മഞ്ഞളംകുഴി അലി അൻവറിനെ ഹസ്തദാനം നൽകി സ്വീകരിച്ചു. 2006 ൽ സിപിഎം സ്വതന്ത്ര എം എൽ എ ആയി വിജയിക്കുകയും പിന്നീട് പിണറായി വിജയനോടുള്ള അഭിപ്രായവ്യത്യാസം കാരണം ലീഗിലേക്ക് പോവുകയും ചെയ്‌ത നേതാവാണ് അലി. നജീബ് കാന്തപുരം അടക്കമുള്ള ലീഗ് എം എൽ എ മാർ കയ്യടികളോടെയാണ് അൻവറിനെ സ്വീകരിച്ചത്. കോൺഗ്രസ് എം എൽ എ ചാണ്ടി ഉമ്മൻ ഡെസ്കിലടിച്ചാണ് അൻവറിനെ സ്വാഗതം ചെയ്‌തത്.
പ്രതിപക്ഷത്തിനൊപ്പം പിൻനിരയിലാണ് അൻവറിന് പുതിയ ഇരിപ്പിടം. പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്നും തനിക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും അല്ലെങ്കിൽ നിലത്തിരിക്കുമെന്നുമാണ് അൻവർ നേരത്തെ പ്രതികരിച്ചിരുന്നത്. എന്നാൽ പിൻനിരയിൽ അദ്ദേഹത്തിന് അനുവദിച്ച 5ഡി 10 എന്ന ഇരിപ്പിടം പ്രത്യേക ബ്ലോക്ക് ആയി കണക്കാക്കുമെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് കത്ത് നൽകിയതിനെ തുടർന്നാണ് അദ്ദേഹം ആ ഇരിപ്പിടം സ്വീകരിച്ചത്. പി വി അൻവറിന്റെ നേരത്തെയുള്ള ഇരിപ്പിടം ഇപ്പോൾ സിപിഎം എം എൽ എ പി വി ശ്രീനിജിനാണ് അനുവദിച്ചിരിക്കുന്നത്. ശ്രീനിജിന് അടുത്തെത്തി അൽപ്പനേരം കുശലാന്വേഷണം നടത്തിയതിന് ശേഷമാണ് അൻവർ പുതിയ ഇരിപ്പിടത്തിലേക്ക് പോയത്. അടിയന്തര പ്രമേയം അടക്കമുള്ള വിഷയങ്ങൾ ഇന്ന് സഭയിൽ എത്തുന്നുണ്ട്.

