ദില്ലി : രാജ്യത്തെ ദേശീയപാതകളിൽ (National Highways) യാത്ര ചെയ്യുന്നവർക്ക് പദ്ധതികളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും, അടിയന്തര സഹായ നമ്പറുകളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ക്യു.ആർ. കോഡ് ഉൾപ്പെടുത്തിയ പ്രോജക്ട് ഇൻഫർമേഷൻ സൈൻ ബോർഡുകൾ സ്ഥാപിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു. യാത്രാ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ദേശീയപാതകളെക്കുറിച്ച് ഉപയോക്താക്കളുടെ അവബോധം വർദ്ധിപ്പിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.
ദേശീയപാതയുടെ ഓരോ ഭാഗത്തും സ്ഥാപിക്കുന്ന ഈ ലംബമായ ക്യു.ആർ. കോഡ് സൈൻ ബോർഡുകൾ വഴി നിരവധി വിവരങ്ങളാണ് യാത്രക്കാർക്ക് ലഭ്യമാവുക:
പാതയുടെ വിവരങ്ങൾ: ദേശീയപാതയുടെ നമ്പർ, ഹൈവേ ചെയിനേജ്, പദ്ധതിയുടെ ആകെ നീളം, നിർമ്മാണ-പരിപാലന കാലയളവുകൾ.
അടിയന്തര കോൺടാക്റ്റുകൾ:ഹൈവേ പട്രോൾ, ടോൾ മാനേജർമാർ, പ്രോജക്ട് മാനേജർമാർ, റസിഡന്റ് എഞ്ചിനീയർമാർ, അടിയന്തര സഹായ ഹെൽപ്‌ലൈൻ (1033), NHAI ഫീൽഡ് ഓഫീസുകൾ എന്നിവയുടെ കോൺടാക്റ്റ് നമ്പറുകൾ.
അനുബന്ധ സൗകര്യങ്ങൾ: സമീപത്തുള്ള ആശുപത്രികൾ, പെട്രോൾ പമ്പുകൾ, പൊതു ശുചിമുറികൾ, പോലീസ് സ്റ്റേഷനുകൾ, റെസ്റ്റോറന്റുകൾ, ടോൾ പ്ലാസകളിലേക്കുള്ള ദൂരം, ട്രക്ക് ലേ-ബൈകൾ, പഞ്ചർ കടകൾ, വാഹന സർവീസ് സ്റ്റേഷനുകൾ, ഇ-ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബോർഡിൽ ഉൾപ്പെടുത്തും.
യാത്രക്കാർക്ക് എളുപ്പത്തിൽ കാണാനും വിവരങ്ങൾ ലഭ്യമാക്കാനും കഴിയുന്ന സ്ഥലങ്ങളിലാണ് ഈ സൈൻ ബോർഡുകൾ സ്ഥാപിക്കുക. വഴിയോര സൗകര്യങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, ടോൾ പ്ലാസകൾ, ട്രക്ക് ലേ-ബൈകൾ, ഹൈവേയുടെ ആരംഭ-അവസാന പോയിന്റുകൾ, മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ക്യു.ആർ. കോഡ് ബോർഡുകൾ സ്ഥാപിക്കുന്നതാണ്.
ക്യു.ആർ. കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് പദ്ധതിയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ തൽക്ഷണം ലഭ്യമാവുകയും, എന്തെങ്കിലും ബുദ്ധിമുട്ടുകളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ ബന്ധപ്പെടാനുള്ള നമ്പറുകൾ എളുപ്പത്തിൽ കണ്ടെത്താനും സാധിക്കും. ഈ നൂതന സംരംഭം ദേശീയപാതകളിലൂടെയുള്ള യാത്ര കൂടുതൽ സുരക്ഷിതവും സുഖകരവുമാക്കുമെന്നാണ് NHAI പ്രതീക്ഷിക്കുന്നത്.

