Wednesday, December 31, 2025

എലിസബത്ത് രാഞ്ജിയുടെ വിയോഗത്തിൽ ദേശീയ ഗാനത്തിലും നോട്ടുകളിലും നാണയങ്ങളിലും മാറ്റം

എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്. ബ്രിട്ടന്‍ കണ്ണീരോടെ അവര്‍ക്ക് വിടനല്‍കാന്‍ ഒരുങ്ങുമ്പോള്‍ ബ്രിട്ടനെ കൂടാതെ 14 കോമണ്‍വല്‍ത്ത് രാജ്യങ്ങള്‍ക്കും അവരുടെ രാജ്ഞിയെ നഷ്ടമായി. പുതിയ രാജാവ് ചുമതലയേല്‍ക്കുന്നതോടെ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ ഇനി അവരുടെ ഭരണഘടന ഭേദഗതി ചെയ്ത് രാജാവിന്റെ കീഴിലേക്ക് മാറും. എന്നാല്‍ ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ പുതിയ രാജാവ് ചുമതലയേല്‍ക്കുന്നതോടെ സ്വാഭാവികമായി ആ രാജ്യങ്ങളുടെ രാജാവായി മാറും.

ബ്രിട്ടന്റെ കറന്‍സിയിലും സ്റ്റാമ്പുകളിലും പതാകയിലും എല്ലാം 70 വര്‍ഷത്തിന് ശേഷം മാറ്റങ്ങള്‍ വരുകയാണ്. നിത്യേന ബ്രിട്ടീഷ് ജനത കൈകാര്യം ചെയ്തിരുന്ന പലതിലും ഇനി എലിസബത്ത് രാജ്ഞിയുടെ മുഖം ഉണ്ടാവില്ല. ബാങ്ക് നോട്ടുകള്‍, നാണയങ്ങള്‍ സ്റ്റാമ്പുകള്‍ ഇവയിലെല്ലാം മാറ്റം വരും. പുതിയ രാജാവായ ചാള്‍സ് മൂന്നാമന്റെ ചിത്രം സഹിതമാകും ഇവയെല്ലാം ഇനി പുറത്തിറക്കുക. ഒറ്റ രാത്രികൊണ്ട് ബ്രിട്ടീഷ് കറന്‍സിയില്‍ മാറ്റം വരില്ലെങ്കിലും കാലക്രമേണ ചാള്‍സ് മൂന്നാമന്റെ ചിത്രത്തോടെ പുതിയ നോട്ടുകളും നാണയങ്ങളും ഇറങ്ങുന്നതോടെ പഴയത് പിന്‍വലിക്കും. നാണയങ്ങളും ഇനി രാജാവിന്റെ ചിത്രം ആലേഖനം ചെയ്താകും ഇറങ്ങുക.

എലിസബത്ത് രാജ്ഞിയുടെ ചിത്രത്തോടെയുള്ള ഏകദേശം 450 കോടി കറന്‍സി നോട്ടുകളാണ് പ്രചാരത്തിലുള്ളത്. ഇതിന്റെ മൂല്യം ഏകദേശം 8000 കോടി പൗണ്ട് വരും. ഏകദേശം രണ്ട് വര്‍ഷം കൊണ്ട് പഴയ നോട്ടുകള്‍ പൂര്‍ണമായും പിന്‍വലിക്കപ്പെടും. എലിസബത്ത് രാജ്ഞി അധികാരമേറ്റ 1952 കാലത്ത് അതുവരെ നോട്ടുകളില്‍ രാജാവിന്റെ ചിത്രം ഉണ്ടായിരുന്നില്ല. 1960 ലാണ് എലിസബത്ത് രാജ്ഞിയുടെ ചിത്രത്തോടെ നോട്ടുകള്‍ ഇറങ്ങിത്തുടങ്ങിയത്.

 

ദേശീയ ഗാനത്തിലും ഇനി ചെറിയ മാറ്റം വരും. ”God save our gracious Queen” എന്നത് മാറി ”God save our gracious King” എന്നാകും ഇനി ആലപിക്കുക. പള്ളികളിലെ ഞായറാഴ്ച പ്രാര്‍ഥനകളിലെ വരികളിലും ഇതേ പോലെ മാറ്റം വരും. ഞങ്ങളുടെ രാജ്ഞി എന്നതിന് പകരം പ്രാര്‍ഥനകളില്‍ ഞങ്ങളുടെ ജനറല്‍ സിനഡ് എന്നാകും ഇനി മാറ്റം വരുക. 600 ലധികം ബിസിനസ്സുകള്‍ക്കായി നല്‍കിവരുന്ന റോയല്‍ വാറന്റുകളിലും വൈകാതെ ചാള്‍സ് മൂന്നാമന്റെ പേരിലേക്ക് മാറ്റം വരുത്തും. തപാല്‍പെട്ടികളില്‍ മാറ്റമുണ്ടാകില്ലെങ്കിലും സ്റ്റാമ്പുകളിലൊക്കെ രാജ്ഞിക്ക് പകരം ഇനി പുതിയ രാജാവിന്റെ ചിത്രം ഇടംപിടിക്കും. രാജ്ഞിക്ക് വിധേയത്വവും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ബ്രിട്ടീഷ് എംപിമാര്‍ അധികാരമേല്‍ക്കുന്നത്. പുതിയ രാജാവിന് കീഴില്‍ ഇനി അവര്‍ക്കെല്ലാം സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.

Related Articles

Latest Articles