ഇടുക്കി: ഇടുക്കിയിൽ പേപ്പട്ടി ആക്രമണം (Rabid Dog Bite In Idukki) രൂക്ഷമെന്ന് പരാതി. വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴ് പേർക്ക് ഇതുവരെ കടിയേറ്റതായാണ് റിപ്പോർട്ട്. അതേസമയം രാമക്കൽമേട്ടിൽ പേപ്പട്ടി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേഖലയിൽ ദിനംപ്രതി പേപ്പട്ടിയുടെ ആക്രമണത്തിനിരയാകുന്നവരുടെ എണ്ണവും ഉയരുകയാണ്. ഈ സാഹചര്യത്തിൽ തങ്ങൾ ഭീതിയോടെയാണ് കഴിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
അതേസമയം പേപ്പട്ടി ആക്രമണത്തിൽ പരിക്കേറ്റ മൂന്നു പേരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കടിയേറ്റവരിൽ സ്‌കൂൾ വിദ്യാർത്ഥികളും ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇതുവരെ ആകെ ഏഴ് പേർക്ക് കടിയേറ്റെന്നും പ്രദേശവാസികൾ വ്യക്തമാക്കി. നിരവധി വളർത്തു മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. പേപ്പട്ടിയുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനൊരു പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

