Tuesday, May 14, 2024
spot_img

‘ചൈന പറയുന്നതെന്തും വിശ്വസിക്കും’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ദില്ലി: മുൻ കോൺഗ്രസ്സ് അധ്യക്ഷനും എം പിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് അടുത്തിടെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പ്രതിരോധ മന്ത്രി രംഗത്തെത്തിയത്.

രാഹുല്‍ ഗാന്ധി വസ്തുത അന്വേഷിക്കുന്നതിന് പകരം ചൈന പറയുന്നതെന്തും വിശ്വസിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് (ശനിയാഴ്ച) പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ ബല്‍ദേവില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈന പറയുന്നതെല്ലാം വിശ്വസിച്ച് മൂന്ന് ചൈനീസ് സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍ ഒരു ഓസ്ട്രേലിയൻ പത്രം 38-50 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും 2-4 പേരല്ല എന്ന് റിപ്പോര്‍ട്ട് ചെയ്തു’- പ്രതിരോധ മന്ത്രി പറഞ്ഞു.

മാത്രമല്ല ഇന്ത്യന്‍ അതിര്‍ത്തികള്‍ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഒരു ഘട്ടത്തില്‍ ഇന്ത്യയെ ഗൗരവമായി കാണാതിരുന്ന ലോകം മുഴുവന്‍ ഇപ്പോള്‍ നമ്മള്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

ഉറി, പുല്‍വാമ ആക്രമണത്തിന് ശേഷം നമ്മുടെ സൈന്യം പാകിസ്ഥാൻ മണ്ണില്‍ തീവ്രവാദികളെ ഉന്മൂലനം ചെയ്തതെങ്ങനെയെന്ന് രാജ്യം കണ്ടു. തങ്ങള്‍ ശക്തമായ സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം രാജ്യാന്തര തലത്തില്‍ രാജ്യം ഒറ്റപ്പെട്ടിരിക്കുകയാണെന്ന് അടുത്തിടെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു. നിലവിലെ ബിജെപി സര്‍ക്കാര്‍ പാകിസ്ഥാനെയും ചൈനയെയും ഒരുമിച്ച് കൊണ്ടുവന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്​വർ സിങ് അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.

Related Articles

Latest Articles