തന്റെ മൂന്നാം വരവിൽ ഇന്ത്യയെ ലോക സമ്പദ്‍വ്യവസ്ഥകളിൽ മൂന്നാം സ്ഥാനത്ത് എത്തിക്കുമെന്ന് ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. നവീകരിച്ച പ്രഗതി മൈതാനത്തിന്റെ ഉദ്ഘാടന വേളയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. എന്റെ മൂന്നാം ഘട്ടത്തിൽ, ഇന്ത്യ ലോകത്തിലെ മികച്ച മൂന്നാമത്തെ സമ്പദ്‍വ്യവസ്ഥയായി മാറും. ഇത് മോദിയുടെ ഉറപ്പാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
പ്രഗതി മൈതാനത്തിന്റെ ഉദ്ഘാടന വേളയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നതാണ് നമ്മൾ ഇപ്പോൾ കണ്ടത്. ഞങ്ങളുടെ ആദ്യ അവസരത്തിൽ, സമ്പദ്‍വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. എനിക്ക് ലഭിച്ച രണ്ടാം അവസരത്തിൽ, ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായിമാറി. മൂന്നാമത്തെ അവസരത്തിൽ ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയർത്തുമെന്ന്. മോദി ഇത് പറയുമ്പോൾ നിറഞ്ഞ കൈയടിയാണ് സദസിലുണ്ടായത്.
കൂടാതെ, ഇന്ത്യയിലെ അതിദാരിദ്ര്യം അതിന്റെ അവസാന ഘട്ടത്തിലാണെന്നാണ് അന്താരാഷ്ട്ര ഏജൻസികൾ തന്നെ പറയുന്നത്. കഴിഞ്ഞ ഒൻപത് വർഷമായി തന്റെ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും നയങ്ങളും രാജ്യത്തെ ശരിയായ ദിശയിലാണ് നയിച്ചതെന്ന് വേണം ഇതിൽ നിന്ന് മനസിലാക്കാനെന്നും പ്രധാനമന്ത്രി പറഞ്ഞു. നല്ല പദ്ധതികളെ വിമർശിക്കുകയും അതിന് തടസമുണ്ടാക്കുകയുമാണ് ചിലരുടെ രീതിയെന്നും പ്രതിപക്ഷ പാർട്ടികളെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി തുറന്നടിച്ചു. കർത്തവ്യ പഥ് നിർമിച്ചപ്പോൾ ഒരുപാട് വാർത്തകൾ മാദ്ധ്യമങ്ങളുടെ ഒന്നാം പേജിൽ തന്നെ ഇടംപിടിച്ചിരുന്നു. കൂടാതെ, വിഷയം കോടതിയിൽ വരെയെത്തി. പക്ഷെ അത് പൂർത്തീകരിച്ചപ്പോൾ വിമർശിച്ചവർക്ക് തന്നെ അത് നല്ലതാണെന്ന് പറയേണ്ടി വന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

