തിരുവനന്തപുരം: സംസ്ഥാനത്തെ 64 നക്ഷത്ര ഹോട്ടലുകളില്‍ ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം റെയ്ഡ് നടത്തി. അനുബന്ധമായി ബാറുകള്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ വന്‍ നികുതി വെട്ടിപ്പു കണ്ടെത്തിയിട്ടുണ്ട്.
ജിഎസ്ടി റിട്ടേണുകള്‍ സമര്‍പ്പിക്കാത്ത ഹോട്ടലുകളിലായിരുന്നു പരിശോധന. ഇവിടങ്ങളിലെ വിറ്റുവരവിന്റെ ഉള്‍പ്പെടെയുള്ള ഫയലുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കാര്യമായ വ്യത്യാസമുണ്ടെന്നാണ് ആദ്യ പരിശോധനയില്‍ തന്നെ വ്യക്തമായത്. ഞായറാഴ്ച അവധിയായതിനാല്‍ വിശദ പരിശോധന തിങ്കളാഴ്ച നടക്കും. ഇതിനു ശേഷം മാത്രമേ നികുതി വെട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുകയുള്ളുവെന്ന് ജിഎസ്ടി അധികൃതര്‍ അറിയിച്ചു.
ത്രീ സ്റ്റാറും അതിനു മുകളിലുമുള്ള ഹോട്ടലുകളിലായിരുന്നു പരിശോധന. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ പരിശോധന നടത്താനാണു തീരുമാനം.

