Wednesday, November 25, 2026

സംസ്ഥാനത്ത് മഴ ശക്തമാകും: തിരുവനന്തപുരം മുതല്‍ കോഴിക്കാേട് വരെ ജാഗ്രതാ നിര്‍ദ്ദേശം; അടുത്ത മൂന്നുമണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ ഒറ്റപ്പെട്ട ഇടിയോടുകൂടിയ വ്യാപകമഴയ്ക്ക് സാധ്യത. സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴ. കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളുടെ മലയാേരമേഖലയില്‍ മഴ ശക്തമാവുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയോടെയാണ് മഴ കനത്തുതുടങ്ങിയത്.ശക്തമായ മഴയില്‍ തിരുവമ്പാടി ടൗണില്‍ വെള്ളംകയറിയിട്ടുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതേതുടർന്ന് തിരുവനന്തപുരം മുതല്‍ കോഴിക്കാേട് വരെ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റല്‍ വേഗമുളള കാറ്റടിക്കാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടിമിന്നലിനും സാധ്യതയെന്നും പുതിയ മുന്നറിയിപ്പ് പറയുന്നു.

ഇതിനിടെ, മലയോര മേഖലകളി‍ല്‍ മഴ തുടരുന്നു. കോട്ടയത്തും കോഴിക്കോടും മലയോരമേഖലകളില്‍ മഴ തുടരുകയാണ്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും മലയോര ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. നേരത്തെ ഇന്ന് ഒരു ജില്ലയിലും തീവ്ര മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് പുതുക്കിയ മുന്നറിയിപ്പില്‍ അറിയിച്ചത്. നാളെ പത്തനംതിട്ട, കാേട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles