Monday, May 20, 2024
spot_img

രാമായണത്തിന്‍റെ കാവ്യസൗരഭ്യം വിളിച്ചോതി ഇന്ന് കര്‍ക്കിടകം ഒന്ന്

വീണ്ടും ഒരു കര്‍ക്കിടക രാവ് കൂടി പിറക്കുന്നു. ഹിന്ദു ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഇനിയുള്ള ഒരു മാസക്കാലം രാമായണത്തില്‍ ശീലുകള്‍ കേള്‍ക്കുവാന്‍ തുടങ്ങും. മലയാള വര്‍ഷത്തിന്‍റെ അവസാന മാസമാണ് കര്‍ക്കിടകം. കര്‍ക്കിടകം ഒന്നാം തീയതി മുതല്‍ തുടങ്ങുന്ന പാരായണം മാസാവസാനം ആണ് വായിച്ചു തീര്‍ക്കേണ്ടത്. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത ആധ്യാത്മ രാമായണം കിളിപ്പാട്ട് ആണ് കേരളത്തിലെ ഹിന്ദു ഭവനങ്ങളില്‍ വായിക്കുന്നത്.

കര്‍ക്കിടകം എന്നത് സാധാരണ പഞ്ഞകര്‍ക്കിടകം എന്നാണ് അറിയപ്പെട്ടിരുന്നത്. പണ്ടു കാലത്ത്‌ മഴക്കാലം അതിന്റെ എല്ലാ ശക്തിയിലും പെയ്തിരുന്നത് കര്‍ക്കിടകത്തില്‍ ആയിരുന്നു. കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന പഴമക്കാര്‍ നെല്‍പ്പാടങ്ങളില്‍ ജോലി ചെയ്തും വിതച്ചും കൊയ്തും കിട്ടുന്നത് കൊണ്ടു ജീവിച്ചിരുന്നവര്‍ക്ക് കര്‍ക്കിടക മാസം തീർത്തും പഞ്ഞ മാസം ആയിരുന്നു.

തകർത്തു പെയ്യുന്ന മഴയില്‍ പുറത്ത്‌ ഇറങ്ങി പണി ചെയ്തു നിത്യവൃത്തി ചെയ്തിരുന്നവര്‍ , പ്രധാനമായും കൃഷിക്കാര്‍ പട്ടിണിയില്‍ തന്നെയും അല്ലാത്തവര്‍ മുൻകൊല്ലത്തെ കൊയ്ത്തില്‍ നിന്നും കിട്ടിയ ധാന്യങ്ങള്‍ ശേഖരിച്ചു വെച്ചതും കൊണ്ട് ആയിരുന്നു ദിവസങ്ങള്‍ തള്ളിനീക്കിയിരുന്നത്‌ .

പട്ടിണിയും അസുഖങ്ങളും കാരണം കഷ്ടത അനുഭവിച്ചിരുന്നവര്‍ സന്ധ്യ സമയത്ത് നിലവിളക്കിനു സമീപമിരുന്ന് രാമായണം വായിച്ചിരുന്നു. രാമായണം വയിക്കുന്നിടത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകും എന്ന് വിശ്വസിച്ചിരുന്നു. മലയാള പഞ്ചാംഗമനുസരിച്ച്‌ , പഞ്ഞ കര്‍ക്കിടകത്തില്‍ തീർത്തും ഐശ്വര്യ പ്രദമായ യാതൊരു കാര്യങ്ങളും ചെയ്തിരുന്നില്ല.

കാവ്യ കൃതിയില്‍ ഉള്ള ആദ്യത്തെ സൃഷ്ടിയാണ് വാത്മീകി രാമായണം. ഹിന്ദു മതത്തിലെ രണ്ടാമത്തെ വലിയ ഇതിഹാസം എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ധര്‍മം ,നീതി, ആദര്‍ശം തുടങ്ങിയ എല്ലാ രൂപത്തിനും അനുയോജ്യനായാണ് രാമനെ രാമായണത്തില്‍ പ്രകീർത്തിച്ചിരിക്കുന്നത്.

രാമായണ പാരായണത്തിനൊപ്പം നിരവധി ആചാരങ്ങളും കര്‍ക്കിടകവുമായി ബന്ധപ്പെട്ടുണ്ട്. കര്‍ക്കിടകത്തിലെ കറുത്തവാവ് ദിനത്തിലെ പിതൃബലിയാണ് അവയില്‍ പ്രധാനം. തിരുവനന്തപുരത്തെ തിരുവല്ലം പരശുരാമ ക്ഷേത്രം, വയനാട് തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം, ആലൂവാ മണപ്പുറം ശിവക്ഷേത്രം, തിരുവില്വാമല പാമ്പാടി ഐവര്‍മഠം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങി കേരളത്തിന്റെ മുക്കിലും മൂലയിലും സ്ഥിതിചെയ്യുന്ന വിവിധ ക്ഷേത്രങ്ങളില്‍ അന്നേദിവസം പവിത്രമായി പിതൃബലി ആചരിക്കുന്നു. ശീവോതിക്കുവയ്ക്കല്‍, പത്തിലവയ്ക്കല്‍, ഔഷധസേവ, കാടി, കനകപ്പൊടി സേവ തുടങ്ങി വ്യത്യസ്തമായ ചടങ്ങുകളും വിവിധയിടങ്ങളിലുണ്ട്.

കര്‍ക്കിടകത്തില്‍ നാലമ്പലദര്‍ശനവും വിശേഷമാണ്. തൃശൂര്‍, എറണാകുളം ജില്ലകളിലായുള്ള തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, പായമ്മേല്‍ ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ഉച്ചപൂജയ്ക്കു മുമ്പു തൊഴുന്നത് അതിവിശേഷമാണെന്ന് വിശ്വസിക്കപ്പെടുന്നു. കോട്ടയം ജില്ലയിലെ രാമപുരത്തും നാലമ്പല ദര്‍ശനം അതിവിശേഷമാണ്.

Related Articles

Latest Articles