Thursday, May 9, 2024
spot_img

കൂല്‍ഭൂഷണ്‍ ജാദവ് കേസിലെ അന്താരാഷ്ട്ര കോടതി വിധി ഇന്ന്: ശുഭ പ്രതീക്ഷയോടെ ഇന്ത്യ

ഹേഗ്: കൂല്‍ഭൂഷണ്‍ ജാദവ്‌ കേസില്‍ രാജ്യാന്തരനീതിന്യായ കോടതി(ഐ സി ജെ ) ഇന്നു വിധി പറയും. ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തി ആരോപിച്ച്‌ പാകിസ്‌താന്‍ സൈനികകോടതി വധശിക്ഷ വിധിച്ചതിനെതിരേയാണ്‌ ഇന്ത്യ ഐ സി ജെയെ സമീപിച്ചത്‌. കുല്‍ഭൂഷണ്‍ ജാദവിന്‍റെ കാര്യത്തില്‍ പാകിസ്ഥാന്‍ വിയന്ന ഉടമ്പടി പാലിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നിയമസഹായം നല്‍കാന്‍ കൗണ്‍സുലേറ്റിനെ അനുവദിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്. കേസില്‍ വിധി അനുകൂലമാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യൻ സമയം വൈകിട്ട് ആറരയ്ക്കാകും കോടതിയുടെ പത്തംഗ ബഞ്ച് വിധി പറയുക.മുതിർന്ന ജഡ്ജി അബ്ദുൾഖവി അഹമ്മദ് യൂസഫ് ആണ് വിധി പ്രഖ്യാപിക്കുന്നത്

നാവിക സേനയില്‍ നിന്നും വിരമിച്ചതിനു ശേഷം ഇറാനില്‍ ബിസിനസ് നടത്തി വരികയായിരുന്നു കുല്‍ഭൂഷണ്‍ ജാദവ്. 2016 മാര്‍ച്ചിലാണ് കുല്‍ഭൂഷനെ ചബഹര്‍ തുറമുഖത്തിനു സമീപത്തു നിന്നും പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം തട്ടിയെടുത്തത്. എന്നാല്‍ യാദവിനെ പാകിസ്താനിലെ ബലൂചിസ്ഥാനില്‍ നിന്നും പിടികൂടിയെന്നാണ് പാകിസ്താന്റെ അവകാശവാദം. അവരുടെ രാജ്യത്ത് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു, ജനങ്ങള്‍ക്കിടയില്‍ അന്തഛിദ്രമുണ്ടാക്കാന്‍ നീക്കം നടത്തി എന്നീ കേസുകളാണ് യാദവിനെതിരെ പാകിസ്താന്‍ സൈനിക കോടതി ചുമത്തിയത്.

ബലപ്രയോഗത്തിലൂടെ സൃഷ്ടിച്ച ജാദവിന്‍റെ കുറ്റസമ്മത മൊഴിയല്ലാതെ മറ്റു തെളിവുകള്‍ പാകിസ്താന്റെ കയ്യില്‍ ഉണ്ടായിരുന്നിള്ള. എന്നിട്ടും 2017 ഏപ്രിലില്‍ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചു. തുടര്ന്ന് സുഷമാ സ്വരാജ് വിദേശകാര്യ മന്ത്രിയായിരിക്കവെ ഇന്ത്യ നടത്തിയ സമര്‍ഥമായ നീക്കങ്ങളെ തുടര്‍ന്ന് വധശിക്ഷ അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

ഇന്ത്യ 16 തവണ ആവശ്യപ്പെട്ടിട്ടും നയതന്ത്ര ഉദ്യോഗസ്ഥ സഹായം അനുവദിക്കാന്‍ പാകിസ്താന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ അപമാനകരമായ രീതിയില്‍ കുല്‍ഭൂഷനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ഭാര്യയെയും അമ്മയെയും പാകിസ്താന്‍ അനുവദിച്ചിരുന്നു. കേസില്‍ 2019 ഫെബ്രുവരിയിലാണ് ഇന്ത്യയുടെ വാദം പൂര്‍ത്തിയായത്. മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെയാണ് ജാദവിനു വേണ്ടി ഹാജരായത്. കേസില്‍ പാകിസ്താന്‍ കോടതിയുടെ വിചാരണ നീതിയുക്തമായിരുന്നില്ലെന്ന വാദം അന്താരാഷ്ട്ര കോടതി അംഗീകരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

രണ്ട് വര്‍ഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് 15 അംഗ ബെഞ്ച് കേസില്‍ ഇന്ന് വിധി പറയുന്നത്. കൂല്‍ഭൂഷണ്‍ ജാദവിന്‍റെ മോചനം സാധ്യമാക്കുന്ന തീരുമാനം നീതിന്യായ കോടതിയില്‍ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് വിദേശകാര്യ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നത്.

Related Articles

Latest Articles