Wednesday, May 22, 2024
spot_img

ജനിച്ച് രണ്ടാം മാസത്തിൽ കാഴ്ച നഷ്ടപ്പെട്ടു; 22 ഭാഷകളിൽ പ്രാവീണ്യവും 100 ലധികം പുസ്തകങ്ങളുടെ രചയിതാവുമായ പണ്ഡിതനും കവിയുമായ രാംഭദ്രാചാര്യക്ക് ജ്ഞാനപീഠം; പുരസ്‌കാരം പങ്കിട്ട് ഉർദു കവി ഗുൽസാറും

അമ്പത്തിയെട്ടാമത്‌ ജ്ഞാനപീഠ പുരസ്‌കാരം ഉര്‍ദു സാഹിത്യത്തിലെ അതികായനായി അറിയപ്പെടുന്ന ഗുല്‍സാര്‍ എന്ന സംപൂരണ്‍ സിങ് കല്‍റ ഗുല്‍സാര്‍, കവിയും സംസ്‌കൃത പണ്ഡിതനുമായ ജഗദ്ഗുരു രാംഭദ്രാചാര്യ എന്നിവര്‍ക്ക്. അറിയപ്പെടുന്ന ആത്മീയ ആചാര്യനായ രാംഭദ്രാചാര്യ ചിത്രകൂടിലെ തുളസീപീഠത്തിന്റെ സ്ഥാപകനാണ്. നിലവിലുള്ള നാല് ജഗദ്ഗുരു രാമാനന്ദാചാര്യന്മാരിൽ ഒരാളാണ് രാംഭദ്രാചാര്യ. ഉത്തർപ്രദേശിലെ ശാന്തീഖുർദ് എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹത്തിന്റെ പൂർവാശ്രമനാമം ഗിരിദർ മിശ്ര എന്നായിരുന്നു. ജഗത്ഗുരു രാംഭദ്രാചാര്യ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും ചാന്സിലറുമാണ് അദ്ദേഹം. ജനിച്ച് രണ്ടാം മാസത്തിൽ കാഴ്ച നഷ്ടപ്പെട്ട രാംഭദ്രാചാര്യക്ക് 17 വയസുവരെ ഔദ്യോഗിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. മാത്രമല്ല അദ്ദേഹം ജീവിതത്തിൽ ഒരിക്കലും ബ്രെയിൻ ലിപി ഉപയോഗിച്ചിരുന്നുമില്ല. എങ്കിലും ഇപ്പോൾ അദ്ദേഹം 22 ഭാഷകൾ സംസാരിക്കുകയും 100 ലധികം പുസ്തകങ്ങൾ രചിക്കുകയും ചെയ്ത പണ്ഡിതനും കവിയുമാണ്.

കവി, ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വമായിരുന്നു ഗുല്‍സാര്‍. അദ്ദേഹം ഇന്ത്യന്‍ കലാലോകത്തിന് നല്‍കിയ സംഭാവനകള്‍ എണ്ണമറ്റതാണ്. ഉർദുവിനും ഹിന്ദിക്കും പുറമെ പഞ്ചാബി, മാര്‍വാറി, ബ്രജ്ഭാഷ, ഹര്യാന്‍വി തുടങ്ങിയ ഹിന്ദി വകഭേദഭാഷകളിലും ഗുല്‍സാര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍, ഇരുപതോളം ഫിലിംഫെയര്‍ അവാര്‍ഡുകള്‍, സാഹിത്യഅക്കാദമി അവാര്‍ഡ്, ഇന്ദിരാഗാന്ധി പുരസ്‌കാരം, തുടങ്ങിയവ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ രാജ്യം പത്മഭൂഷണ്‍ നല്‍കിയും കവിയെ ആദരിച്ചിട്ടുണ്ട്. ‘സ്ലംഡോഗ് മില്യണയര്‍’ എന്ന സിനിമയിലൂടെ ഓസ്‌കാര്‍ പുരസ്‌കാരവും ഗ്രാമി അവാര്‍ഡും ഗുല്‍സാറിനെ തേടിയെത്തി. ഇന്ത്യന്‍ സിനിമ അതിന്റെ ബാലദശ പിന്നിടുന്ന കാലത്ത് ഒപ്പം കൈപിടിച്ചുനടന്നു കയറിയ ഗുല്‍ഡസാറിനെത്തേടി ദാദാസാഹിഫ് ഫാല്‍ക്കേ അവാര്‍ഡും എത്തി. ഇപ്പോൾ ജ്ഞാനപീഠവും.

Related Articles

Latest Articles