Tuesday, December 16, 2025

വയനാട്ടിലെ കര്‍ഷക ആത്മഹത്യ: ഉത്തരവാദി സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 
ഈ വര്‍ഷം ഇതോടെ കടംകയറി ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം 15 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇത്രയേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും കര്‍ഷകരുടെ ആത്മഹത്യ തടയാന്‍  ഒന്നും ചെയ്യാതെ അവരെ കബളിപ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കാര്‍ഷിക കടങ്ങള്‍ക്ക് മോറിട്ടോറിയം പ്രഖ്യാപിച്ചു കൊണ്ട് മന്ത്രിസഭ തീരുമാനമെടുത്തെന്ന് പത്രസമ്മേളനം നടത്തി മുഖ്യമന്ത്രി പറഞ്ഞതല്ലാതെ അത് ഉത്തരവായി ഇറക്കാന്‍  മെനക്കെടാത്ത സര്‍ക്കാരാണിത്. ഇപ്പോഴാകട്ടെ ഉദ്യോഗസ്ഥന്മാരുടെ തലയില്‍ കുറ്റം വച്ചു കെട്ടി കൈകഴുകി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിശ്വസിച്ച് കാര്‍ഷിക വായ്പകള്‍ക്ക് മൊറോട്ടോറിയം വന്നെന്ന  ആശ്വാസത്തില്‍ ഇരുന്ന കര്‍ഷകരെയും സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു.  ഇപ്പോള്‍ ബാങ്ക് ഉദ്യേഗസ്ഥര്‍  വീടുകള്‍ തോറും കയറി ഭീഷണിപ്പെടുത്തി വായ്പകള്‍  തിരിച്ചടപ്പിക്കാന്‍ ശ്രമിക്കുകയാണ്. സഹകരണ ബാങ്കുകളില്‍ നിന്ന് പോലും ഇപ്പോഴും  കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസുകള്‍ വരുന്നുണ്ട്.  സര്‍ക്കാര്‍ കാണിച്ചത്  കൊടിയ കര്‍ഷക വഞ്ചനയാണെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.
 

Related Articles

Latest Articles