Monday, December 15, 2025

ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് ബലാത്സംഗം ; ബന്ധങ്ങള്‍ തുടരണോയെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട് ; എല്ലാം സഹിക്കേണ്ടവരാണ് സ്ത്രീകള്‍ എന്ന ചിന്താഗതി ഒഴിവാക്കണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി

കോഴിക്കോട് : വിവാഹവും പ്രണയവും ഉള്‍പ്പെടെയുള്ള ബന്ധങ്ങള്‍ തുടരണമോ എന്ന് തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി. തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായി വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച ക്യാംപിന്റെ ഭാഗമായ സെമിനാര്‍ കോഴിക്കോട് കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ബന്ധങ്ങള്‍ തുടരുന്നതിനെപ്പറ്റി സ്ത്രീകള്‍ക്കുള്ള ജനാധിപത്യ അവകാശം സംബന്ധിച്ച് സമൂഹത്തില്‍ പൊതുബോധം വളര്‍ത്തിയെടുക്കണം. ഗാര്‍ഹിക പീഡനക്കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതില്‍ നല്ലൊരു പങ്ക് സ്ത്രീകളാണെന്നും ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നതിലും സ്ത്രീകളുണ്ടെന്നും പി.സതീദേവി വ്യക്തമാക്കി. കൂടാതെ, സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടോട് കൂടി സ്ത്രീകളും പുരുഷന്മാരും പെരുമാറുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. സ്ത്രീകളോടു ചെയ്യുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് ബലാത്സംഗമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറയുന്നു.

അതേസമയം, പെണ്‍കുട്ടികളെ കച്ചവടം ചെയ്യുന്ന പെണ്‍വാണിഭ സംഘങ്ങള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങളും വിവേചനങ്ങളും പരിശോധിച്ച് കുറ്റക്കാരെ നിയമപരിധിയിലേക്ക് കൊണ്ടുവരികയെന്ന ഉത്തരവാദിത്തമാണ് വനിത കമ്മിഷന്‍ നിര്‍വഹിക്കുന്നതെന്നും പി. സതീദേവി പറഞ്ഞു. ആര്‍ജവമുള്ള മനസ്സിന്റെ ഉടമകളായി പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സമഭാവനയുടെ അന്തരീക്ഷം വീട്ടിനുള്ളില്‍ നിന്നു തന്നെ തുടങ്ങണം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തുല്യരായി മാതാപിതാക്കള്‍ കാണണം. ആണ്‍കുട്ടികളാണ് കഴിവുള്ളവര്‍ എന്ന മനോഭാവം മനസ്സില്‍ വളര്‍ത്തിയെടുക്കുന്ന പെരുമാറ്റ രീതികള്‍ മാതാപിതാക്കള്‍ ഒഴിവാക്കണം. എല്ലാം സഹിക്കേണ്ടവരാണ് സ്ത്രീകള്‍ എന്ന ചിന്താഗതിയും ഒഴിവാക്കണമെന്നും പി.സതീദേവി പറഞ്ഞു.

Related Articles

Latest Articles