ദില്ലി: ഇന്ത്യൻ വ്യവസായി രത്തന്‍ ടാറ്റയുടെ (Ratan Tata) ജീവിതം പുസ്തകമാവുന്നു. ജീവചരിത്രം തയ്യാറാക്കാനുള്ള അവകാശം ലഭിച്ചത് മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ തോമസ് മാത്യുവിനാണ്. കേരള കേഡറിലുണ്ടായിരുന്ന തോമസ് മാത്യൂ നേരത്തെ പ്രണബ് മുഖർജി ചുമതലയിലിരുന്ന കാലത്ത് രാഷ്‌ട്രപതി ഭവനിൽ പ്രവർത്തിച്ചിരുന്നയാളാണ്.
രത്തന്‍ ടാറ്റയുടെ ബാല്യകാലം, കോളേജ് കാലം, ആദ്യകാലത്ത് ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ജീവചരിത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. ടാറ്റയുടെ സ്റ്റീല്‍ ലിമിറ്റഡ് ഏറ്റെടുക്കല്‍, ടാറ്റാ നാനോ പ്രോജക്‌ട്, മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്തിയെ നീക്കിയത് തുടങ്ങി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മൂന്നു പതിറ്റാണ്ടായി രത്തന്‍ ടാറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തോമസ് മാത്യൂ , ഇന്ത്യയിലെ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഡയറക്ടർ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. നാലു പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അതേസമയം രണ്ട് കോടി രൂപയ്ക്ക് പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം സ്വന്തമാക്കിയത് ഹാര്‍പ്പര്‍ കോളിന്‍സിനാണ്. കഥേതര വിഭാഗത്തില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.

