തിരുവനന്തപുരം : ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി നേതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നമുക്ക് സംസാരിക്കാം (Lets Talk) എന്ന സെമിനാർ ഇന്ന് നടക്കും. മാറുന്ന ഇന്ത്യ ചൈന ബന്ധമാണ് സെമിനാറിന്റെ വിഷയം. പ്രശസ്‌ത കോളംനിസ്റ്റും ഐ ഐ ടി മദ്രാസ് അദ്ധ്യാപകനുമായ പ്രൊഫ. രാജീവ് ശ്രീനിവാസൻ, കേരള സർവ്വകലാശാല പ്രോഗ്രാം ഡയറക്ടർ ഡോ. സി എ ജോസുകുട്ടി തുടങ്ങിയവർ വിഷയത്തിൽ പ്രഭാഷണം നടത്തും. തത്വമയി ടി വി എം ഡി യും ചീഫ് എഡിറ്ററുമായ രാജേഷ് പിള്ള മോഡറേറ്ററായിരിക്കും. തിരുവനന്തപുരം കവടിയാർ ചേംബർ ഹാളിൽ ഇന്ന് വൈകുന്നേരം നാലുമണിക്കാണ് സെമിനാർ നടക്കുക.
ദീർഘകാലം വഷളായിരുന്ന നയതന്ത്ര ബന്ധമായിരുന്നു ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്നത്. 2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. വർഷങ്ങളോളം ഇരു സേനകളും നിയന്ത്രണരേഖയിൽ പലയിടത്തും മുഖാമുഖം നിന്നിരുന്നു. എന്നാൽ നയതന്ത്ര തലത്തിലും സൈനിക തലത്തിലും നടന്ന ചർച്ചകളുടെ ഫലമായി ഇവിടങ്ങളിൽ സേനാ പിന്മാറ്റം പൂർത്തിയാക്കി ഇരുരാജ്യങ്ങളും പെട്രോളിങ് പുനരാരംഭിച്ചിരുന്നു. ഇന്ത്യ ചൈന ബന്ധത്തിൽ ഉണ്ടാകുന്ന പുരോഗതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ചിന്തോദ്ദീപകമായ ഈ സെമിനാർ പ്രേക്ഷകരിലെത്തിക്കാൻ തത്വമയിയും നേതി നേതി ഫൗണ്ടേഷനൊപ്പം കൈകോർക്കും. സെമിനാർ തത്സമയം വീക്ഷിക്കുന്നതിന് https://bit.ly/TatwaLive എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്.

