കോട്ടയം:കേരളം മറ്റൊരു ദുരന്തത്തിലേക്കോ? പഠനങ്ങൾ പറയുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാടൻ മേഖലയിൽ അടിക്കടി വെള്ളമുയരുന്നതിനു കാരണം ഭൂമി താഴുന്നതെന്നു പഠനം പറയുന്നു. കുട്ടനാട് കായൽ കൃഷി ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ശരാശരി 30 സെന്റീമീറ്റർ വരെ കരഭൂമി താഴ്ന്നിട്ടുണ്ടെന്നു കണ്ടെത്തിയത്. 2018ലെ മഹാപ്രളയത്തിനു ശേഷമാണ് കരഭൂമിയിൽ താഴ്ച വന്നിരിക്കുന്നതെന്നു ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ റിപ്പോർട്ട് പ്രകാരം പറയുന്നതിങ്ങനെ….
‘2018 ഓഗസ്റ്റിൽ ഉണ്ടായ മഹാപ്രളയത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളുടെ പടിഞ്ഞാറൻ മേഖലയും ആലപ്പുഴയിലെ കുട്ടനാട് താലൂക്കും അടങ്ങുന്ന വിശാല കുട്ടനാടൻ മേഖല ഏതാണ്ട് പൂർണമായും മുങ്ങിയിരുന്നു. പടിഞ്ഞാറൻ മേഖലയിൽ സ്വാഭാവികമായും അധികം ഉറപ്പില്ലാത്ത മണ്ണുള്ള പ്രദേശങ്ങൾ ഇതോടെ താഴ്ന്നു. ഓരോ സ്ഥലത്തെയും മണ്ണിന്റെ ഘടന അനുസരിച്ചാണു ഈ പ്രതിഭാസം ഉണ്ടായത്. ചെളി കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ ഭൂമി താഴ്ന്നു. ഇങ്ങനെ ശരാശരി 30 സെന്റീമീറ്റർ വരെ താഴ്ചയുണ്ടായി. സാധാരണ ഗതിയിൽ വെള്ളമുയർന്നാലും ഭൂമിയുടെ ഈ ചെറിയ താഴ്ച പ്രളയത്തിനു സമാനമായ സാഹചര്യം സൃഷ്ടിക്കുന്നു. ഭൂമിയുടെ ഈ താഴ്ച പരിഹരിക്കുന്നതു സംബന്ധിച്ച് ഇടപെടലുകൾ നടന്നിട്ടുമില്ല. 300 ചതുരശ്ര കിലോമീറ്റർ കര ഭൂമിയും 500 ചതുരശ്ര കിലോമീറ്റർ പാടശേഖരങ്ങളും 200 ചതുരശ്ര കിലോമീറ്ററിൽ ജലശേഖരവുമാണു കുട്ടനാടിന്റെ സ്വാഭാവിക പ്രകൃതി ഇപ്പോൾ. 300 ചതുരശ്ര കിലോമീറ്ററിലെ കര ഭൂമി മുഴുവനായും ജനവാസ കേന്ദ്രങ്ങളാണ്. ഭൂമിയിലെ ചെറിയ മാറ്റം പോലും കാര്യമായി പ്രതിഫലിക്കും. ആറുകള്‍ വഴി കിഴക്കൻ മേഖലയിൽനിന്ന് വേഗത്തിൽ വെള്ളം പടിഞ്ഞാറോട്ട് ഒഴുകുന്നതും വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. മീനച്ചിൽ, മണിമല, പമ്പ, അച്ചൻകോവിൽ ആറുകളാണ് ഈ പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകൾ. കുന്നുകളുടെ അടിവാരത്തിൽ വെള്ളം ശേഖരിച്ചു നിൽക്കുന്ന പള്ളകൾ എന്നു വിളിപ്പേരുള്ള പ്രദേശങ്ങൾ നികത്തപ്പെട്ടത് വെള്ളം വേഗം പടിഞ്ഞാറോട്ട് ഒഴുകാൻ കാരണമാകുന്നു. മഴ പെയ്താൽ ഉടൻ തന്നെ വെള്ളം പടിഞ്ഞാറൻ മേഖലയിൽ എത്തും.’
എന്തായാലും കരുതലോടെ ഇരിക്കേണ്ടി വരും.ഇല്ലെങ്കിൽ ചിലപ്പോൾ പ്രളയ സമാന സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപെടാൻ പോകുന്നത് സർക്കാർ ഈ വിഷയത്തിൽ മുൻകരുതൽ എടുത്തില്ലെങ്കിൽ കേരളം മറ്റൊരു ദുരന്തത്തിനും കൂടി സാക്ഷിയാകേണ്ടി വരും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

