Wednesday, December 24, 2025

രാഹുൽ ഗാന്ധിക്ക് പരമാവധി ശിക്ഷതന്നെ നൽകിയതെന്തുകൊണ്ട് ? കോടതിതന്നെ അക്കാര്യം പറയുന്നുണ്ട്; അപ്പീൽ നൽകാതെ കോൺഗ്രസിന്റെ മെല്ലെപ്പോക്കിൽ ദുരൂഹത; ഗുജറാത്തിയിൽ നിന്ന് മൊഴിമാറ്റം കഴിഞ്ഞില്ലെന്ന് വിശദീകരണം

ദില്ലി: വിവാദ ‘മോദി’ പരാമർശത്തിൽ രാഹുൽഗാന്ധിക്ക് പരമാവധി ശിക്ഷതന്നെ നൽകിയത് ഒരു മാതൃക കാട്ടാനാണെന്ന് കോടതി. രാഹുലിനെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധിയിൽ തന്നെ ഇക്കാര്യം വിശദമായി പരാമർശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. ഉത്തരവാദിത്തമില്ലാതെ ആർക്കും ആർക്കെതിരെയും എന്തും പറയാമെന്ന സ്ഥിതിയുണ്ട് അത് മാറണം. രാഹുൽ ഗാന്ധിയെപ്പോലെ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരിൽ നിന്ന് ഉത്തരവാദിത്ത രഹിതമായ വാക്കുകൾ ഉണ്ടാകരുത് എന്ന സന്ദേശമാകണം കോടതിവിധി. അതുകൊണ്ടാണ് പരമാവധി ശിക്ഷ നൽകിയത്. കുറഞ്ഞ ശിക്ഷ നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി പറഞ്ഞു. ‘എല്ലാ കള്ളന്മാരുടെയും പേരിൽ എന്തികൊണ്ടാണ് മോദി എന്ന് വരുന്നത്’ എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. 2019 ൽ കർണ്ണാടകയിലെ കോളാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് രാഹുൽ ഗാന്ധി വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവനയ്‌ക്കെതിരെ ബിജെപി എം എൽ എ യും മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് മാനനഷ്ടക്കേസുമായി സൂറത്ത് ജില്ലാക്കോടതിയെ സമീപിച്ചത്.

അതേസമയം കോൺഗ്രസിന്റെ പോരാട്ടം വാക്കുകളിലൊതുങ്ങുന്നു. ഇന്നുവരെയും വിധിക്കെതിരെ രാഹുൽ ഗാന്ധി മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടില്ല. അഭിഷേക് മനു സിംഗ്‌വി, സൽമാൻ ഖുർഷിദ്, പി.ചിദംബരം എന്നിവരടക്കം അഭിഭാഷകമന്നന്മാർ പാർട്ടിയിൽ ഏറെയുണ്ടായിട്ടും അപ്പീൽ നൽകുന്നതിൽ പാർട്ടി മെല്ലെപ്പോക്ക് തുടരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു. വിധി ഗുജറാത്തി ഭാഷയിലാണെന്നും പരിഭാഷ ഇനിയും കഴിഞ്ഞിട്ടില്ലെന്നുമാണ് പാർട്ടി നൽകിയ വിശദീകരണം. എന്നാൽ ഗുജറാത്തിലെ കോൺഗ്രസ് നേതാക്കളിൽ പലരും അഭിഭാഷകരാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിപോലും അഭിഭാഷകനാണ്. രാഹുൽഗാന്ധിയെ സഹായിക്കാൻ ഇവരാരും മുന്നോട്ട് വരുന്നില്ലേ എന്ന ചോദ്യവും ഇപ്പോൾ കോൺഗ്രസ് നേരിടുകയാണ്.

Related Articles

Latest Articles