Sunday, June 2, 2024
spot_img

മലമ്പുഴയിൽ യുവാവിനെയും പെൺകുട്ടിയേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി ബന്ധുക്കൾ; മന്ത്രിമാരുടെ സുരക്ഷാ ഡ്യൂട്ടിയുള്ളതിനാൽ അന്വേഷണം, കാര്യക്ഷമമായി നടത്തിയില്ലെന്ന് ആക്ഷേപം

പാലക്കാട് : മലമ്പുഴയിൽ യുവാവിനെയും പെൺകുട്ടിയേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി ബന്ധുക്കൾ. മരിക്കുന്നതിനു മൂന്നു ദിവസം മുന്‍പ് കാണാതായ ഇവരെ അന്വേഷിച്ച് കണ്ടെത്താന്‍ പൊലീസ് കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മന്ത്രിമാര്‍ ജില്ലയിലുണ്ടെന്ന കാരണം പറഞ്ഞ് പരാതി നല്‍കിയ ദിവസം തുടങ്ങി ഇരുവരെയും കണ്ടെത്താന്‍ പൊലീസ് ആത്മാര്‍ഥമായി ശ്രമിച്ചില്ലെന്നാണ് ആക്ഷേപം. പരാതി നല്‍കിയതിന് പുറമെ ബന്ധുക്കളും സ്വന്തം നിലയില്‍ ഇരുവരെയും കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു.

എന്നാൽ വിഐപി സുരക്ഷാ ജോലിക്കിടയിലും ഇരുവരെയും കണ്ടെത്താന്‍ കാര്യക്ഷമമായി തന്നെ അന്വേഷണം നടത്തിയിരുന്നെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. പാലക്കാട് എഎസ്പിയുടെ നേതൃത്വത്തിലാണ് മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയത്.

കാളിപ്പാറ സ്വദേശി രഞ്ജിത്ത്, പതിനാറുകാരിയായ പെൺകുട്ടി എന്നിവരെയാണ് വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരും സൗഹൃദത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ സൗഹൃദത്തിൽ ബന്ധുക്കള്‍ക്കും പരാതിയുണ്ടായിരുന്നു. ഇവരെ സൗഹൃദത്തിൽ നിന്ന് പിന്തിരിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് ഇരുവരെയും കാണാതായത്.

Related Articles

Latest Articles