Saturday, December 20, 2025

തൃപ്പൂണിത്തുറയിൽ കെ.ബാബുവിന് ആശ്വാസം !തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ ഹർജി ഹൈക്കോടതി തള്ളി !

തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിന്‍റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിന്‍റെ ഹർജി ഹൈക്കോടതി തള്ളി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ചട്ടങ്ങൾ ലംഘിച്ച് വോട്ട് തേടിയെന്നാരോപിച്ചായിരുന്നു എം.സ്വരാജിന്‍റെ ഹർജി.

വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ കെ ബാബുവിന്റെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ചുവെന്നും താൻ തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിനു തുല്യമാണെന്നു കാണിച്ച് ബാബു മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നുമായിരുന്നു എം സ്വരാജ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജിന്‍റെ ആവശ്യം.

എന്നാൽ തെരഞ്ഞെടുപ്പിൽ മത ചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്ന ആരോപണം സാധൂകരിക്കുന്ന സാക്ഷിമൊഴികളില്ലെന്നും പ്രോസിക്യൂഷൻ സാക്ഷിമൊഴികൾ സംശയത്തിന് അതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് സ്വരാജിന് വേണ്ടി ഹാജരാക്കിയ രണ്ടു മുതൽ അഞ്ചു വരെയുള്ള സാക്ഷികൾ പറഞ്ഞതൊന്നും വിശ്വാസ്യയോഗ്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായിരുന്ന എം.സ്വരാജിനെ കെ.ബാബു പരാജയപ്പെടുത്തിയത്. തൃപ്പൂണിത്തുറയിൽ 1991 മുതൽ 2011 വരെ തുടർച്ചയായി 5 തവണ വിജയിച്ച കെ.ബാബു ബാർ കോഴ വിവാദത്തിന് പിന്നാലെ നടന്ന 2016ലെ തെരഞ്ഞെടുപ്പിൽ എം.സ്വരാജിനോട് പരാജയപ്പെട്ടിരുന്നു.

Related Articles

Latest Articles