Sunday, May 5, 2024
spot_img

പൊതുജനത്തിന് സാധനങ്ങൾ ലഭ്യമാകട്ടെ ; പക്ഷെ ഉത്സവച്ചന്തകളെ പ്രചാരണത്തിനുപയോഗിക്കരുത് !സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി ! റംസാൻ-വിഷു ചന്തകൾ നടത്താൻ ഉപാധികളോടെ അനുമതി

കൊച്ചി : സംസ്ഥാനത്ത് റംസാൻ-വിഷു ഉത്സവച്ചന്തകൾ നടത്താൻ കൺസ്യൂമർഫെഡിന് ഹൈക്കോടതിയുടെ അനുമതി. വിപണനമേളകളെ സർക്കാർ യാതൊരുതരത്തിലുള്ള പ്രചാരണത്തിനും ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശത്തോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. അതേസമയം ചന്തകളുടെ നടത്തിപ്പിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ താല്‍പര്യവും ചന്ത തുടങ്ങാൻ സാധനങ്ങള്‍ വാങ്ങിയെന്ന് സര്‍ക്കാര്‍ അറിയിച്ചതും കണക്കിലെടുത്താണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് റംസാൻ-വിഷു ചന്തകള്‍ തുടങ്ങുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേര്‍പ്പെടുത്തിയതിനെതിരെയാണ് കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. മനുഷ്യന്‍റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

“ചന്ത തുടങ്ങാൻ തീരുമാനിച്ച സമയമാണ് അസ്വസ്ഥതപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യത്തില്‍ എങ്ങനെ കുറ്റം പറയാനാകും ? ജനങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനം ആണെങ്കില്‍ നൂറ് ശതമാനവും കോടതി സര്‍ക്കാരിനൊപ്പം നില്‍ക്കും. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണെങ്കില്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കേണ്ടതല്ലേ ? 13 സാധനങ്ങൾ സബ്സിഡി നിരക്കിൽ തരുന്നു എന്ന് പറഞ്ഞ് സർക്കാർ അജണ്ട ഉണ്ടാക്കുന്നതിനെ ആണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ എതിർക്കുന്നത്. ഒരു മനുഷ്യന്‍റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ല.”- ഹർജി പരിഗണിക്കവെ കോടതി രാവിലെ പറഞ്ഞു.

Related Articles

Latest Articles