Saturday, May 18, 2024
spot_img

നിർണ്ണായക കണ്ടെത്തൽ; ‘ഹിന്ദു വിഗ്രഹങ്ങളുടെയും ചിഹ്നങ്ങളുടെയും നിരവധി കൊത്തുപണികള്‍’; ഗ്യാന്‍വാപി മസ്ജിദില്‍ പഴയ ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുണ്ടെന്ന മുന്‍ സര്‍വേ കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്; എല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും അവകാശവാദം

 

വാരണാസി:ഗ്യാന്‍വാപി മസ്ജിദില്‍ പഴയ ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുണ്ടെന്ന നിർണ്ണായക കണ്ടെത്തലുമായി മുന്‍ സര്‍വേ കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്. ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദങ്ങള്‍ക്കിടെയാണ് കോടതി നിയോഗിച്ച മുന്‍ സര്‍വേ കമ്മീഷണര്‍ അജയ് മിശ്ര തന്റെ കണ്ടെത്തലുകള്‍ വാരണാസിയിലെ സിവില്‍ ജഡ്ജ് കോടതിയില്‍ റിപ്പോര്‍ട്ടായി സമര്‍പ്പിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത് .ഈ മാസം 6, 7 തീയതികളിലാണ് താന്‍ സര്‍വേ നടത്തിയതെന്നും, സര്‍വേയ്ക്കിടെ നൂറിലധികം പേരടങ്ങുന്ന മുസ്ലീം വിഭാഗം തങ്ങളുടെ ജോലി തടസപ്പെടുത്താന്‍ തടിച്ചുകൂടിയെന്നും അജയ് മിശ്ര തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മസ്ജിദിലെ, ബാരിക്കേഡിംഗിന് പുറത്ത് കേന്ദ്രഭാഗത്തിന്റെ വടക്കു-പടിഞ്ഞാറ് ദിശയിലായി ഹിന്ദു ദേവതകളുടെ ചിത്രം ആലേഖനം ചെയ്ത കൊത്തുപണികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്

പഴയ ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകളായ വിഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പുരാതന ശിലാഘടനകള്‍ ഗ്യാന്‍വാപിയില്‍ കാണാന്‍ കഴിയുമെന്നും പഴയ കെട്ടിടങ്ങൾക്ക് സമീപം ഇരുമ്പ് ദണ്ഡുകളും കോൺക്രീറ്റും ഉപയോഗിച്ചുള്ള ‘പുതിയ’ നിർമാണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും മിശ്രയുടെ റിപ്പോർട്ടിൽ പറയുന്നു.മാത്രമല്ല തെളിവുകൾക്കായി ഇവയെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും ശിലാഫലകങ്ങളിൽ കാവി ചായം പൂശിയ പഴയ കൊത്തുപണികളും ഉണ്ടെന്നും, കൂടാതെ ഹിന്ദു വിഗ്രഹങ്ങളും ചിഹ്നങ്ങളുമുള്ള ഒന്നിലധികം കൊത്തുപണികൾ ഗ്യാൻവാപി പരിസരത്ത് വീഡിയോ ഗ്രാഫ് ചെയ്തിട്ടുണ്ടെന്നും ചുവന്ന ചായം പൂശിയ 4 വ്യത്യസ്ത വിഗ്രഹങ്ങൾ ഒരു ശിലാഫലകത്തിൽ വ്യക്തമായി കാണുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഒരു ക്ഷേത്രത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ പോലെ തോന്നിക്കുന്ന അവശിഷ്ടങ്ങളിൽ ‘ശേഷ നാഗ്’ (ഹിന്ദു പുരാണങ്ങളിലെ ബലരാമന്റെ അവതാരമായ ഒരു വലിയ സർപ്പം) പോലും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.’സനാതൻ ധർമ്മ ചിഹ്നങ്ങൾ – താമര, ഢമരു (ഒരു ചെറിയ രണ്ട് തലയുള്ള ഡ്രം), ത്രിശൂലം, എന്നിവ നിലവറയുടെ ചുവരുകളിൽ കണ്ടെത്തി’- അദ്ദേഹം പറഞ്ഞു.

അവിടെ സ്ലാബിൽ ഹൈന്ദവ ആചാരങ്ങളുടെ അടയാളങ്ങൾ ഉണ്ട്. ഇവയെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും. നിർമ്മിതികളും സ്ലാബും കേന്ദ്ര ഘടനയ്ക്കുള്ളിലുള്ള ശ്രീഗർ ഗൗരി ക്ഷേത്രത്തിന്റെ അവശേഷിപ്പുകളാണെന്നും. മസ്ജിദിന്റെ കിഴക്ക് വശങ്ങളിലും പടിഞ്ഞാറ് ഭാഗത്തും കല്ലിൽ കൊത്തുപണികൾ സമാനമാണെന്ന് മിശ്രയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. അവയെല്ലാം തകർന്നുപോയ ഒരു വലിയ ഘടനയുടെ കൊത്തുപണികളുടെ ഒരു പരമ്പരയാണെന്ന് സൂചിപ്പിക്കുന്നുണ്ടെന്നും സർവേയുടെ രണ്ടാം ദിവസം പോലും മുസ്ലീം വിഭാഗം കാലതാമസം വരുത്തിയെന്നും 3.45ന് മാത്രമേ നടപടികൾ ആരംഭിക്കാനാകൂവെന്നും മിശ്രയുടെ റിപ്പോർട്ടിൽ ആരോപിക്കുന്നു.

നിരവധി ഹിന്ദു ഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന പഴയ ശ്രീഗർ ഗൗരി ക്ഷേത്രത്തിൽ നിന്നുള്ളതാണോ കൊത്തുപണികൾ എന്ന് സ്ഥിരീകരിക്കാൻ താൻ ശ്രമിച്ചതായി മിശ്ര പറയുന്നു.എന്നാൽ ഇപ്പോൾ കാണുന്ന നിർമ്മിതികൾ പഴയ തകർന്ന ശ്രീഗർ ഗൗരി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണെന്നും വർഷങ്ങളായി ഈ നിർമ്മിതികൾ ഹിന്ദുക്കൾ ആരാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാരിക്കേഡുള്ള സ്ഥലവും പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മുസ്ലീം വിഭാഗം സഹകരിച്ചില്ലെന്നും മിശ്ര ആരോപിച്ചു. ഒടുവിൽ മെയ് 7 ന് വൈകുന്നേരം 4.50 ന് പരിശോധന നിർത്തിവെക്കേണ്ടി വന്നുവെന്നും. കോടതിയുടെ ഉത്തരവനുസരിച്ച് സർവേയുടെ വീഡിയോ ഫയലുകൾ കോടതിയുടെ ട്രഷറിയിൽ സീൽ ചെയ്ത പാക്കറ്റുകളിൽ നടപടിക്രമം അനുസരിച്ച് സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

അതേസമയം കോടതി നിയോഗിച്ച സർവേ കമ്മീഷണർ അഭിഭാഷകൻ അജയ് കുമാർ മിശ്ര ‘നിഷ്പക്ഷ’നല്ലെന്നും, അദ്ദേഹത്തെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലീം വിഭാഗം വാരണാസി കോടതിയിൽ ഹര്‍ജി നല്‍കിയിരുന്നു. മെയ് 7 ന് ഹർജി തള്ളിയിരുന്നുവെങ്കിലും പിന്നീട് മെയ് 17 ന്, മാധ്യമങ്ങൾക്ക് റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി മിശ്രയെ സർവേ കമ്മീഷണർ സ്ഥാനത്ത് നിന്ന് കോടതി നീക്കിയിരുന്നു. പിന്നീട് അഭിഭാഷകനായ വിശാൽ സിംഗിനെ കമ്മീഷണറായി നിയമിക്കുകയും രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വിശദമായ റിപ്പോർട്ട് വിശാൽ സിംഗ് ഇപ്പോൾ ഇന്ന്‌ കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു.

Related Articles

Latest Articles