ദേവികുളം: കൊട്ടക്കമ്പൂരില്‍ ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ പട്ടയം സബ് കളക്ടറെസ്ഥലം മാറ്റിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റം. ചിന്നക്കനാലിലെ കയ്യേറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ 10 പേര്‍ക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. 12 അംഗ സംഘത്തില്‍ 2 പേരെ മാത്രം നിലനിര്‍ത്തി. പുതിയ സംഘത്തെ നിയമിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
പുതിയ സംഘത്തിലെ റവന്യൂ ഉദ്യാഗസ്ഥര്‍ക്ക് നിലവില്‍ ചെയ്യുന്ന ജോലിയുടെ കൂടെ അധികചുമതലയായാണ് കയ്യേറ്റം കണ്ടെത്താനുള്ള സംഘത്തിലെ അംഗത്വം നല്‍കിയിരിക്കുന്നത്. ഇടുക്കിയിലെ ഭൂമാഫിയക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുത്ത രേണു രാജിനെ സ്ഥാനത്ത് നിന്ന് മാറ്റിയതിന് തൊട്ടു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം ലഭിച്ചത്. കൈയ്യേറ്റത്തിനെതിരെ നടപടിയെടുക്കുന്നവര്‍ സ്ഥാനത്ത് തുടരില്ലെന്ന ദേവികുളത്തെ ചരിത്രം ഇതോടെ വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്.
ദേവികുളം സബ് കളക്ടര്‍ ആയിരുന്ന വി.ആര്‍.പ്രേംകുമാറിന് പിന്നാലെയാണ് സര്‍ക്കാര്‍ രേണു രാജിനെ സ്ഥലം മാറ്റിയത്. പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് രേണു രാജിന്റെ പുതിയ നിയമനം. ജോയ്‌സ് ജോര്‍ജ്ജിന്റെയും കുടുംബാഗങ്ങളുടെയും പേരില്‍ കൊട്ടക്കമ്പൂരിലുള്ള 20 ഏക്കര്‍ സ്ഥലത്തിന്റെ അഞ്ച് പട്ടയങ്ങള്‍ ആദ്യം റദ്ദാക്കിയത് ദേവികുളം സബ് കളക്ടര്‍ ആയിരുന്ന പ്രേംകുമാറായിരുന്നു.
പട്ടയം ഉടമകള്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ജോയ്‌സ് ജോര്‍ജ് ഹാജരായില്ല. തുടര്‍ന്ന് എംപിയുടെയും കുടുംബാംഗങ്ങളുടെയും ഭൂമിയില്‍ ഉണ്ടായ ക്രമക്കേട് ചൂണ്ടിക്കാട്ടി പട്ടയം റദ്ദാക്കുകയായിരുന്നു. വിഷയത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് ജോയ്‌സ് ജോര്‍ജ് എംപി പരാതി നല്‍കിയെങ്കിലും നിലപാടില്‍ പ്രേംകുമാര്‍ ഉറച്ചു നിന്നു.
രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ ഇത്തരത്തില്‍ മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കും എതിരെ ശക്തമായ നടപടി തുടരുന്നതിനിടെ ആണ് പ്രേംകുമാറിനെ സര്‍ക്കാര്‍ മാറ്റിയത്. തുടര്‍ന്നായിരുന്നു കഴിഞ്ഞ നവംബര്‍ 19ന് പ്രേംകുമാറിന്റെ പിന്‍ഗാമിയായി രേണു രാജിന്റെ വരവ്. ദേവികുളത്തെ ഭൂമാഫിയക്കെതിരെ കടുത്ത നിലപാട് തന്നെയാണ് രേണുവും സ്വീകരിച്ചത്.

