Monday, June 17, 2024
spot_img

കര്‍ഷകരെക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് കൂലിപ്പണിക്കാര്‍: ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ദില്ലി: രാജ്യത്ത് കര്‍ഷകരെക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് കൂലിപ്പണിക്കാരാണെന്ന് വ്യക്തമാക്കുന്ന കണക്ക് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടു. 2016 ല്‍ മാത്രം 25,164 കൂലിപ്പണിക്കാരാണ് ആത്മഹത്യ ചെയ്തത്. 11,379 കര്‍ഷകരാണ് 2016 ല്‍ ആത്മഹത്യ ചെയ്തത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.7 ശതമാനമാണ് കൂലിപ്പണിക്കാരുടെ ആത്മഹത്യയിലുണ്ടായ വര്‍ധനവ്. എല്ലാ സംസ്ഥാനങ്ങളിലുമായി 23,799 പേരാണ് 2015 ല്‍ ആത്മഹത്യ ചെയ്തത്.

കാര്‍ഷിക മേഖലയുടെ തകര്‍ച്ചയെ തുടര്‍ന്ന് ഇവിടെ നിന്നും വന്‍തോതില്‍ ആളുകള്‍ മറ്റ് തൊഴില്‍ മേഖലയിലേക്ക് കടന്നത് കൊണ്ടാവാം ആത്മഹത്യയുടെ എണ്ണം കൂടിയതെന്നാണ് വിലയിരുത്തല്‍.

ആത്മഹത്യ ചെയ്ത കൂലിപ്പണിക്കാരുടെ എണ്ണം 2014 ല്‍ 15,735 മാത്രമായിരുന്നു. രണ്ട് വര്‍ഷത്തിനിടയില്‍ 60 ശതമാനം വര്‍ധനവാണ് ഇതില്‍ ഉണ്ടായത്. അതേസമയം കര്‍ഷക ആത്മഹത്യകള്‍ 12,360 ല്‍ നിന്ന് 11,379 ലേക്ക് താഴ്ന്നു.

രാജ്യത്ത് 2016 ല്‍ നടന്ന ആത്മഹത്യയില്‍ അഞ്ചിലൊന്ന് ഭാഗം കൂലിപ്പണിക്കാരാണ്. രണ്ടാമതുള്ളത് വീട്ടമ്മമാരാണ്. 16.5 ശതമാനമാണ് ആകെ ആത്മഹത്യ ചെയ്തവരില്‍ വീട്ടമ്മമാരുടെ എണ്ണം. കൂലിപ്പണിക്കാരുടെ ആത്മഹത്യയില്‍ തമിഴ്‌നാടാണ് മുന്നില്‍. ഇവിടെ 4,888 പേരും രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ 3,168 പേരും ആത്മഹത്യ ചെയ്തു.

Related Articles

Latest Articles