Saturday, June 1, 2024
spot_img

ഊരാളുങ്കൽ വിഷയം നിയമസഭയിൽ; കടുത്ത സുരക്ഷാവീഴ്ചയെന്നു പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ ഡേറ്റാബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുത്ത വിഷയം നിയമസഭയില്‍ ചർച്ചയായി. കെ എസ് ശബരീനാഥന്‍ എം എല്‍ എയാണ് ഡേറ്റാബേസ് കൈമാറിയ നടപടിയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സൊസൈറ്റിക്ക് ഡേറ്റാബേസ് കൈമാറിയതില്‍ സുരക്ഷാപ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.

സുരക്ഷാ ഓഡിറ്റിന് ശേഷം മാത്രമേ ഡേറ്റാബേസിലെ വിവരങ്ങള്‍ കൈമാറുകയുള്ളുവെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സി പി എമ്മിന്റെ സഹോദര സ്ഥാപനത്തിന് പോലീസിന്റെ ഡേറ്റാബേസ് തുറന്നുനല്‍കിയത് കടുത്ത സുരക്ഷാവീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് നിലവില്‍ കാര്യക്ഷമതയുള്ള സംവിധാനമുണ്ടായിരിക്കേ എന്തിനാണ് പുതിയ പദ്ധതിയെന്ന് കെ എസ് ബരീനാഥന്‍ എം എല്‍ എ ചോദിച്ചു. ഡേറ്റാബേസ് കൈമാറരുതെന്ന് ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അത് തുറന്നുകൊടുത്തെന്നും പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ പദ്ധതിയില്‍ ആയിരത്തോളം പാസ്‌പോര്‍ട്ടുകള്‍ വെരിഫൈ ചെയ്തിട്ടുണ്ടെന്നും ഇതിന് 35 ലക്ഷം രൂപ ഊരാളുങ്കൽ സൊസൈറ്റിക്ക് നല്‍കിയതായും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Related Articles

Latest Articles