Friday, January 9, 2026

പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം; ഭാര്യ ഗർഭിണി, ഭക്ഷണം പാകം ചെയ്യാൻ അടുക്കളയിൽ കയറിയതിനു പിന്നാലെ അപകടം

 

കട്ടപ്പന: പ്രഷർകുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കട്ടപ്പനയിൽ ഓരുകുന്നത്ത് ഷിബുവാണ് മരിച്ചത്. വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുക്കർ പൊട്ടിതെറിക്കുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഷിബുവിന്റെ ഭാര്യ ഗർഭിണിയായതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിലെ ജോലികൾ ഷിബു ആയിരുന്നു നോക്കിയിരുന്നത്. പതിവു പോലെ ഇന്നു രാവിലെയും ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് കുക്കർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.

പൊട്ടിത്തെറിച്ച കുക്കറിന്‍റെ അടപ്പ് ഷിബുവിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന ഷിബുവിന്‍റെ ഭാര്യയും പിതാവും അടുക്കളയിലേക്ക് ഓടിയെത്തി.തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ ഇവർ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം കട്ട പിടിച്ച സാഹചര്യത്തിൽ ഷിബുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കട്ടപ്പനയിൽ മലഞ്ചരക്ക് ബിസിനസ് നടത്തുകയായിരുന്നു ഷിബു.

Related Articles

Latest Articles