Sunday, June 16, 2024
spot_img

‘നന്നായി ഉറങ്ങി, ആരോഗ്യ നിലയില്‍ പുരോഗതി’ ; കുമ്പാച്ചിമലയിലെ പാറയിടുക്കിൽ നിന്ന് ഇന്ത്യൻ ആർമി രക്ഷപ്പെടുത്തിയ ബാബു നാളെ ആശുപത്രി വിടും’

പാലക്കാട്: പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ നിന്ന് ഇന്ത്യൻ ആർമി രക്ഷപ്പെടുത്തി ചികില്‍സയില്‍ കഴിയുന്ന 23 കാരനായ ആർ. ബാബു ( മുഹമ്മദ് ഇമ്രാൻ ബാബർ ഖാൻ) നാളെ (വെള്ളിയാഴ്ച) ആശുപത്രി വിടും.

മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ബാബുവിന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.

’43 മണിക്കൂർ പകൽ കൊടും ചൂടിലും രാത്രി തണുപ്പിലും തുള്ളി വെള്ളം പോലും കിട്ടാതെ പാറയിടുക്കിൽ കുടുങ്ങിയ ബാബു ജില്ലാ ആശുപത്രിയിൽ ഇപ്പോൾ സുഖമായിരിക്കുന്നു. നന്നായി ഉറങ്ങി. ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ആശുപത്രിയിലെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്’- മന്ത്രി പറഞ്ഞു

അതേസമയം വ്യാഴാഴ്ച പകൽ മലമുകളിൽനിന്നു സൈന്യത്തിന്റെ കൈപിടിച്ചു ഹെലികോപ്റ്ററിൽ കഞ്ചിക്കോട് ബെമ്‌ൽ മൈതാനത്തെ ഹെലിപ്പാഡിൽ ഇറങ്ങുമ്പോഴേക്കും തീർത്തും അവശനായിരുന്നെങ്കിലും ആത്മബലത്തിനു കുറവുണ്ടായിരുന്നില്ല.

പാലക്കാട് ഡിഎംഒ ഡോ. കെ.പി.റീത്ത, ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരായ കെ.സച്ചിൻ‌, ബാസിൽ ഹുസൈൻ എന്നിവരാണു പ്രാഥമിക ശുശ്രൂഷ നൽകിയത്. ഐവി ഫ്ലൂയിഡും ക്ഷീണം മാറാനുള്ള കുത്തിവയ്പുകളും വാഹനത്തിൽവച്ചു നൽകി.

പിന്നീട് ജില്ലാ ആശുപത്രിയിലെത്തിച്ച ബാബുവിനെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. നിർജലീകരണം തടയാനുള്ള ശുശ്രൂഷകളും ആരംഭിച്ചിരുന്നു. എന്നാൽ അസ്ഥികൾക്കു പൊട്ടലില്ലെന്ന് എക്സ്റേ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വൈകിട്ട് ബാബുവുമായി ജില്ലാ മെഡിക്കൽ ഓഫിസർ സംസാരിച്ച് ആരോഗ്യനില തൃപ്തികരമെന്നു രേഖപ്പെടുത്തിയിരുന്നു.

Related Articles

Latest Articles