Monday, June 17, 2024
spot_img

രേഷ്മ പട്ടേല്‍ ബോളിവുഡിലെ ലൈലാ ഖാനായ കഥ ! അഥവാ രണ്ടാനച്ഛൻ കൊലയാളിയായ കഥ

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും നാലു സഹോദങ്ങളേയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയും ലൈലയുടെ രണ്ടാനച്ഛനുമായ പര്‍വേശ് തക്കിന് വധശിക്ഷ. മുംബൈ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിഭാഗത്തില്‍ പെടുന്നതായും ജഡ്ജി എസ് ബി പവാര്‍ പറഞ്ഞു. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷത്തെ കഠിന തടവും കോടതി വിധിച്ചു. 10,000 രൂപ പിഴയും ചുമത്തി

2008-ല്‍ പുറത്തിറങ്ങിയ വഫ: എ ഡെഡ്ലി ലവ് സ്റ്റോറി’ എന്ന ചിത്രത്തില്‍ രാജേഷ് ഖന്നയ്ക്കൊപ്പം അഭിനയിച്ച ബോളിവുഡ് നടിയായിരുന്നു രേഷ്മ പട്ടേല്‍ എന്ന ലൈലാ ഖാന്‍. 2002-ല്‍ ‘മേക്കപ്പ്’ എന്ന കന്നഡ സിനിമയില്‍ ലൈലാ പട്ടേല്‍ എന്ന പേരിലാണ് അവര്‍ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. വളരെ ചെറുതാണെങ്കിലും
സംഭവ ബഹുലമായ ജീവിതം ഒരു മതതീവ്രവാദിയുടെ വെടിയുണ്ടയില്‍ അവസാനിച്ചു. രേഷ്മ പട്ടേല്‍ നിരോധിത ബംഗ്ലാദേശി സംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമി അംഗമായ മുനീര്‍ ഖാനെ വിവാഹം കഴിച്ചതോടെ ലൈലാ ഖാനയി മാറി. തുടര്‍ന്ന് പല തീവ്രവാദ സംഘടനകളുമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരുന്നു. മുംബൈയില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് നഗരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലൈലാ ഖാന്‍ നല്‍കിയെന്ന് ആരോപിക്കപ്പെടുന്നു. ലൈലയുടെ അമ്മയുടെ മൂന്നാമത്തെ വിവാഹ ബന്ധത്തിലൂടെ കുടുംബത്ത് എത്തിയ പര്‍വേസ് ഇഖ്ബാല്‍ തക്ക് ആണ് ഇവരുടെയെല്ലാം കൊലപാതകിയായത്.

2011 ജനുവരി 30-ന് രാത്രി ലൈലാ ഖാന്‍ , അമ്മ ഷെലീന, മൂത്ത സഹോദരി ഹഷ്മിന, ഇരട്ട സഹോദരങ്ങളായ ഇമ്രാന്‍, സാറ, കസിന്‍ റഹ്ഷ്മ എന്നിവരോടൊപ്പം മുംബൈയില്‍ നിന്ന് 126 കിലോമീറ്റര്‍ വടക്കുള്ള ഇഗത്പുരിയിലുള്ള അവരുടെ ഹോളിഡേ ഹോമിലേക്ക് കാറോടിച്ചു പോയതായി കണ്ടവരുണ്ട്. 2011 ഫെബ്രുവരി 9-ന്, ഖാന്റെ അമ്മ അവരുടെ സഹോദരി അല്‍ബാന പട്ടേലുമായി സംസാരിച്ചു, ഭര്‍ത്താവ് പര്‍വേസ് ഇഖ്ബാല്‍ തക്കിനൊപ്പം ചണ്ഡീഗഢിലാണെന്ന് പറഞ്ഞു. ഇതിനുശേഷം, ആ കുടുംബത്തെ പറ്റി ആര്‍ക്കും ഒരു വിവരവും ഉണ്ടായില്ല. ഒരു തുമ്പും കൂടാതെ അപ്രത്യക്ഷമായി.

തുടര്‍ന്ന്, ഷെലീനയുടെ ആദ്യ ഭര്‍ത്താവും ലൈലയുടെ പിതാവുമായ നാദിര്‍ ഷാ തന്റെ മകളെ മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം കാണാതായതായി മുംബൈ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി .ഇതോടൊപ്പം ബോളിവുഡ് ചലച്ചിത്ര സംവിധായകന്‍ രാകേഷ് സാവന്തും സമാനമായ പരാതി നല്‍കി. രാകേഷുമായി അടുത്ത ചിത്രത്തിന് കരാറുണ്ടായിരുന്നു ലൈലയ്ക്ക്. ഷെലീനയുടെ മൂന്നാം ഭര്‍ത്താവും ലഷ്‌കര്‍-ഇ-തൊയ്ബ അംഗമെന്ന് സംശയവുമുള്ള പര്‍വേസ് ഇഖ്ബാല്‍ തക്കിനെയും രണ്ടാം ഭര്‍ത്താവായിരുന്ന ആസിഫ് ഷെയ്ഖ് എന്നിവരാണ് ഖാന്റെയും കുടുംബത്തിന്റെയും തിരോധാനത്തിന് പിന്നിലെന്ന് നാദിര്‍ സംശയിച്ചു.

തുടര്‍ന്ന് 2012 ജൂണ്‍ 21-ന് മറ്റൊരു കേസുമായി ബന്ധപ്പെട്ട് പര്‍വേസ് ഇഖ്ബാല്‍ തക്കിനെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ 2011 ഫെബ്രുവരിയില്‍ മഹാരാഷ്ട്രയില്‍ വെച്ച് ലൈലയും അവരുടെ കുടുംബത്തിലെ ചില അംഗങ്ങളും വെടിയേറ്റ് മരിച്ചതായി തക് സമ്മതിച്ചു. എന്നാല്‍ അടുത്ത ദിവസം ഖാനും കുടുംബവും ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ടു. ലൈലയുടെ കേസ് അന്വേഷിക്കുന്ന മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ചിന് തക്കിനെ കൈമാറി. മുംബൈയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതക കഥ വെളിപ്പെടുന്നത്.

അവിടെ 2012 ജൂലൈ 19 ന് ക്രൈംബ്രാഞ്ചിന് മുമ്പാകെ ഇയാള്‍ കുറ്റസമ്മതം നടത്തി, അമ്മ ഷെലീനയെ തുടര്‍ച്ചയായി അപമാനിച്ചതിനും മറ്റ് പുരുഷന്മാരുമായി ബന്ധം പുലര്‍ത്തിയതിനും ലൈലയെ കൊന്നതായി മൊഴി നല്‍കി .തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് താനും കൂട്ടാളികളും ചേര്‍ന്ന ലൈലയേയും അവളുടെ അഞ്ച് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി അവരുടെ ഇഗത്പുരി ബംഗ്ലാവിന് പിന്നില്‍ കുഴിച്ചിട്ടതായി പറയുന്നത്. എന്നാല്‍ അമ്മയെ കൊന്നത് ലൈലയാണെന്നും കൊലപാതകത്തിന് ദൃക്സാക്ഷിയായ ബന്ധുക്കളേയും ലൈല വകവരുത്തിയെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ പണത്തിനും സ്വത്തിനും വേണ്ടിയാണ് കുടുംബത്തെ മുഴുവന്‍ പര്‍വേശ് കൊന്നതെന്ന് പോലീസ് തെളിയിച്ചു. ദുബായിലേയ്ക്ക് താമസം മാറ്റാന്‍ ലൈല ഉദ്ദേശിച്ചിരുന്നതായും എന്നാല്‍ അങ്ങോട്ട് പര്‍വേശിനെ കൊണ്ടുപോകാന്‍ ലൈല വിമുഖത കാട്ടിയെന്നും പിന്നീട് തെളിഞ്ഞു. ഇതാണ് കൊലപാതകത്തിലേയ്ക്കു നയിച്ചത്. സെലീനയും കുടുംബവും തന്നോട് ഒരു വേലക്കാരനെ പോലെയാണ് പെരുമാറിയതെന്ന് പര്‍വേസിനു തോന്നിയെന്നാണ് പ്രോസിക്യൂഷന്‍ വിശദീകരിക്കുന്നു. ദുബായിലേക്ക് മാറുമ്പോള്‍ അവര്‍ തന്നെ ഇന്ത്യയില്‍ ഉപേക്ഷിക്കുമെന്ന് അയാള്‍ ഭയപ്പെട്ടിരുന്നു.

കൊലപാതകത്തിലെ അറസ്റ്റ് ഒഴിവാക്കാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ ബന്ധങ്ങള്‍ ഉപയോഗിച്ച് നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ഇയാള്‍ ഉദ്ദേശിച്ചിരുന്നു. നേപ്പാളിലേക്ക് രക്ഷപ്പെടുന്നതിന് മുമ്പ് മറ്റൊരു കേസില്‍ ജമ്മു കശ്മിര്‍ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. 2012 നവംബറില്‍, ലൈലയുടെ ഇഗത്പുരി ഫാംഹൗസില്‍ നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങള്‍ നടിയുടേയും ബന്ധുക്കളുടെയുമാണെന്ന് തെളിഞ്ഞു. പര്‍വേസ് തക്കിന് വധശിക്ഷ വിധിച്ചതോടെ നീതിക്കുവേണ്ടിയുള്ള നീണ്ട നിയമപോരാട്ടത്തിന് അന്ത്യമായി. കൊലപാതകത്തിന് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പര്‍വേസ് തക്കിന് വധശിക്ഷ ലഭിക്കുന്നത്

Related Articles

Latest Articles