Saturday, May 18, 2024
spot_img

ഭക്തര്‍ക്കെതിരെ എടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് പി.പി. മുകുന്ദന്‍

കൊച്ചി: ശബരിമല യുവതീപ്രവേശനവിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കഴിഞ്ഞ മണ്ഡലകാലത്ത് ഭക്തര്‍ക്കെതിരെ എടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.പി. മുകുന്ദന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യുവതീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് 55,650 പേരെയാണ് കേസുകളില്‍ പ്രതികളാക്കിയിട്ടുള്ളത്. 3000 ത്തിലധികം കേസുകളാണ് സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ശബരിമല കര്‍മ്മസമിതി കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍, രക്ഷാധികാരി കെ.പി.ശശികല എന്നിവര്‍ക്കെതിരെ മാത്രം 1100 കേസുകള്‍ ചുമത്തി. 2200 പേര്‍ ജയില്‍വാസം അനുഷ്ഠിച്ചു. 90 ദിവസംവരെ ജയില്‍ ശിക്ഷ അനുഭവിച്ചവരുണ്ട്. ജാമ്യത്തിലിറങ്ങുന്നതിനു മാത്രമായി ഇതുവരെ 3.5 കോടി രൂപ കെട്ടിവച്ചു.

നിലയ്ക്കലില്‍ നടന്ന സമരത്തില്‍ പങ്കെടുത്തവര്‍ ജയില്‍ മോചിതരായത് 40 ലക്ഷം രൂപ കെട്ടിവച്ചതിനുശേഷമാണ്. ആചാരസംരക്ഷണത്തിനുവേണ്ടി ധര്‍മ്മസമരം ചെയ്തവരാണ് കേസുകളില്‍പ്പെട്ട മുഴുവന്‍ പേരും. അവരുടെ നിലപാട് ശരിയായിരുന്നു എന്ന് കോടതിവിധിയിലൂടെ തെളിഞ്ഞു. ഈ മണ്ഡലകാലത്ത് യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിലപാടെടുക്കുകവഴി സംസ്ഥാന സര്‍ക്കാര്‍ മുന്‍ നിലപാടിനെ തിരുത്തിയിരിക്കുകയാണ്. ഇത് പ്രക്ഷോഭം നയിച്ചവരുടെ ധാര്‍മ്മിക വിജയമാണ്.

ശബരിമല യുവതീപ്രവേശന വിധി പുനപ്പരിശോധിക്കാനുള്ള സുപ്രീം കോടതി തീരുമാനം വിശ്വാസത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും വിജയമാണെന്നുള്ള എന്‍എസ്എസ് നിലപാട് ശരിയാണ്. വിശ്വാസസംരക്ഷണത്തിന് മറ്റു ഹൈന്ദവ സംഘടനകള്‍ക്കൊപ്പം ഏറെ ത്യാഗം സഹിച്ച പ്രസ്ഥാനമാണ് എന്‍എസ്എസ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശ്വാസികള്‍ക്ക് അനുഗുണമായ രീതിയില്‍ പ്രശ്‌നരഹിതമായി ഈ മണ്ഡലകാലം മാറണം. അതിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സഹകരിക്കണം. ഭക്തജനങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചാല്‍ അത് ഏറെ ആശ്വാസമാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles