Friday, May 17, 2024
spot_img

റിയാസിന്റെ സ്ഥിരം മമ്മൂഞ്ഞ് കളി വല്ലാത്ത കഷ്ടം തന്നെ !

ഒരു രാത്രിയും പകലും നീണ്ട തിരച്ചിലിനൊടുവിൽ കൊല്ലം ഓയൂരിൽ നിന്ന് കാണാതായ, ആറ് വയസുകാരിയെ തിരിച്ചു കിട്ടിയതിലുള്ള ആശ്വാസത്തിലും സന്തോഷത്തിലുമാണ് കേരളം. 21 മണിക്കൂർ അബിഗേൽ എന്ന ആറുവയസുകാരിക്ക് വേണ്ടി രാപ്പകലില്ലാതെ തിരച്ചിൽ നടത്തിയവരുടെ അധ്വാനവും പ്രാർത്ഥനയുമാണ്, ഉച്ചയോടെ ആശ്വാസവാർത്തയായി മാറിയത്. കുഞ്ഞിനെ തിരികെ ലഭിക്കാനായി കാത്തിരുന്നവരുടെ കണ്ണുകളിൽ ഇപ്പോൾ സന്തോഷത്തിന്റെ കണ്ണീരാണ്. അതേസമയം, കുഞ്ഞിനെ കണ്ടെത്തിയതിന് പിന്നാലെ മുഖ്യമന്ത്രിക്കും കേരള പോലീസിനും അ‌ഭിനന്ദനമറിയിച്ച് രംഗത്തെത്തിയ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ, വാരിയലാക്കുകയാണ് സോഷ്യൽ മീഡിയ. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട, ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരളാപോലീസിനും, കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും സല്യൂട്ട് എന്നാണ് പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്.

കൊല്ലം ഓയൂരിൽ നിന്ന് കാണാതായ കുട്ടിയെ തിരിച്ചുകിട്ടിയതിൽ, മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും അഭിനന്ദിക്കുന്ന മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പോസ്റ്റിനെതിരെ, വ്യാപക വിമർശനമാണ് ഉയർന്നു വരുന്നത്. കേരളം മുഴുവൻ ഒറ്റക്കെട്ടായി ജനകീയമായി ഏറ്റെടുത്ത സംഭവത്തിന്റെ ക്രെഡിറ്റ്, രാഷ്ട്രീയമായി ഏറ്റെടുക്കാനുളള ശ്രമത്തെ രൂക്ഷമായ ഭാഷയിലാണ് പലരും വിമർശിച്ചത്. മുഖ്യമന്ത്രിയോടുളള റിയാസിന്റെ സ്‌നേഹം കാണുമ്പോൾ, മിണ്ടാതിരിക്കാൻ തോന്നുന്നില്ലെന്നാണ് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജിന്റെ പ്രതികരണം. എന്റെ പൊന്നു റിയാസേ, എന്ന് പരിഹസിച്ചുകൊണ്ടാണ് ശ്യം രാജിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. പോലീസ് ഒന്നും ചെയ്തില്ലെന്ന അഭിപ്രായമൊന്നുമില്ല. പക്ഷേ ഈ സമയത്തും റിയാസിന്റെ സ്ഥിരം മമ്മൂഞ്ഞ് കളി, വല്ലാത്ത കഷ്ടം തന്നെയെന്ന് ശ്യാംരാജ് ചൂണ്ടിക്കാട്ടി. കൂടാതെ, ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കുന്ന സമയത്ത്, പോലീസിനുണ്ടായ ശ്രദ്ധക്കുറവിനെയും സിസിടിവി ദൃശ്യങ്ങളിലെ സ്‌ക്രീൻഷോട്ട് പങ്കുവെച്ച് ശ്യാംരാജ് വിമർശിച്ചു. ചിത്രത്തിൽ വൃത്തത്തിനുള്ളിൽ കാണിച്ചിരിക്കുന്നത്, കുട്ടിയെ ആശ്രാമം മൈതാനത്തിലേക്ക് കൊണ്ടുവന്ന ഓട്ടോറിക്ഷയാണ്. അതേസമയത്ത് തന്നെയാണ് അതേ വശത്തുകൂടി വന്ന, ഓട്ടോറിക്ഷയെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ, ഒന്നല്ല, രണ്ട് പോലീസ് ജീപ്പുകൾ കടന്നുപോയതും. കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ച് സ്ഥലം വിടുകയും ചെയ്തു. പോലീസാണെങ്കിൽ കുറ്റവാളിയും കുട്ടിയും തൊട്ടടുത്ത് ഉണ്ടായിട്ടും ആശ്രാമം മൈതാനത്തിന് ചുറ്റും വീണ്ടും കറങ്ങി നടക്കുകയും ചെയ്തുവെന്നും ശ്യാംരാജ് തുറന്നടിച്ചു.

അതേസമയം, ഇക്കണ്ട സ്കൂൾ മതിലൊക്കെ പൊളിച്ചു ആഡംബരബസ്സിൽ നെഞ്ചും വിരിച്ചു ഇരിക്കുന്ന ഏഭ്യന്തരൻ എന്ത്‌ മല മറിച്ചു എന്നാണ് മരുമോൻ തള്ളുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷക അഞ്ചു പാർവതി ചോദിക്കുന്നത്. മൂക്കിന് താഴെ തന്നെ കുറ്റവാളികൾ ഉണ്ടായിട്ടും ഇരുട്ടിൽ തപ്പിയ അമ്മായിയപ്പന്റെ വകുപ്പിന്, ഒടുക്കം കുഞ്ഞിനെ നാട്ടുകാർ, കണ്ടു പിടിച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് കൊടുത്ത് മരുമോൻ മാതൃകയാവുന്നുവെന്നും അഞ്ചു പാർവതി പരിഹസിച്ചു. കൂടാതെ, നിരവധി പേരാണ് മുഹമ്മദ് റിയാസിനെതിരെ രംഗത്തെത്തുന്നത്. കുറച്ചെങ്കിലും ഉളുപ്പുണ്ടോ റിയാസേ നിനക്ക്, നാട്ടുകാർക്കും സോഷ്യൽ മീഡിയക്കുമാണ് അ‌ഭിനന്ദനം നൽകേണ്ടതെന്നും, സാധാരണക്കാർ ചെയ്തതിൽ കൂടുതൽ ഒന്നും മുഖ്യമന്ത്രി ചെയ്തിട്ടില്ലെന്നുമാണ് കമന്റുകൾ. ഈ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് എടുക്കമെങ്കിൽ, പോലീസിന്റെ വീഴ്ച്ചയുടെ ക്രെഡിറ്റ് കൂടി എടുക്കാൻ തയ്യാറാവണമെന്നും, ചിലർ അഭിപ്രായപ്പെട്ടു. കണ്ണടക്കാതെ കാവൽ നിന്ന പിണറായി സഖാവിന് അ‌ഭിനന്ദനങ്ങൾ എന്നും കമന്റുകൾ ഉണ്ട്. അതേസമയം, ഇന്നലെ ​ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയവർ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചുപോകുകയായിരുന്നു. അവിടെ ഉണ്ടായിരുന്നവരാണ് കുട്ടിയെ തിരിച്ചറിഞ്ഞ് പോലീസിനെ അറിയിച്ചത്. പിന്നീടാണ് പോലീസെത്തിയതും കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതും.

Related Articles

Latest Articles