Saturday, May 18, 2024
spot_img

ദേശീയ ഗാനത്തിന്റെ ഫിൽഹാർമോണിക് ഓർക്കസ്ട്രയുമായി റിക്കി കെജ്; പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യം ഇന്ന് 77 മത് സ്വാതന്ത്യദിനം ആഘോഷിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യ ദിനമാഘോഷിക്കുമ്പോൾ യുകെയിൽ നിന്നും ഒരു വ്യത്യസ്തമായ ആശംസയുമായി എത്തിയിരിക്കുകയാണ് മൂന്നുതവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കെജ്. ഇന്ത്യൻ ദേശീയ ഗാനം ഏറ്റവും വലിയ ഓർക്കസ്ട്രയോടെ മനോഹരമായി റെക്കോർഡ് ചെയ്താണ് റിക്കി കെജ് സ്വാതന്ത്ര്യദിനാശംസകൾ നേർന്നിരിക്കുന്നത്.

100 അംഗങ്ങളടങ്ങിയ ബ്രിട്ടീഷ് റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയ്‌ക്കൊപ്പം റെക്കോർഡ് ചെയ്ത ഇന്ത്യൻ ദേശീയ ഗാനം, സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് റിക്കി കെജ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യക്കാർക്ക് ആശംസകൾ നേർന്നത്. അതേസമയം, ഇന്ത്യയുടെ ദേശീയ ഗാനം റെക്കോർഡ് ചെയ്ത ഏറ്റവും വലിയ ഓർക്കസ്ട്ര കൂടിയാണിത്. ദേശീയ ഗാനത്തിലെ അവസാന വരി തനിക്ക് വലിയ അവേശം സൃഷ്ടിച്ചുവെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച ദൃശ്യത്തിന് അടിക്കുറിപ്പായി കുറിച്ചു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ആബി റോഡ് സ്റ്റുഡിയോയിൽ വെച്ചാണ് ഏറ്റവും കൂടുതൽ ഉപകരണങ്ങൾ ഉള്ള ഓർക്കസ്ട്ര ആയ ബ്രിട്ടീഷ് റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയ്‌ക്കൊപ്പം ദേശീയ ഗാനം റെക്കോർഡ് ചെയ്തതെന്നും റിക്കി കെജ് വ്യക്തമാക്കി.

60 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് റിക്കി കെജ്‌ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാമർശിച്ചുകൊണ്ട് ഒരു ചെറിയ കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സംഗീത സംവിധായകൻ എന്ന നിലയിൽ വളരെ സന്തോഷം തോന്നിയെന്നും സ്വാതന്ത്ര്യദിനത്തിൽ ഈ ചരിത്രപരമായ റെക്കോർഡിംഗ് താൻ എല്ലാവരുമായും പങ്കിടുന്നുവെന്നും ഇത് എല്ലാവരും കാണണമെന്നും പങ്കുവെയ്‌ക്കണമെന്നും ഇപ്പോൾ മുതൽ ഈ ദൃശ്യങ്ങൾ എല്ലാവരുടേതുമാണെന്നും റിക്കി കെജ് കുറിച്ചു. അതേസമയം, ഇന്ത്യൻ ആരാധകരിൽ നിന്നും വലിയ പിന്തുണയാണ് അദ്ദേഹത്തിന്റെ ഈ ട്വീറ്റിന് ലഭിക്കുന്നത്. റിക്കി കെജ് പങ്കുവച്ച ഈ ദൃശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കുവച്ചിട്ടുണ്ട്. ദേശീയ ഗാനത്തിന്റെ ഓർക്കസ്ട്ര മനോഹരമാണെന്നും ഇത് എല്ലാ ഭാരതീയർക്കും അഭിമാനമുണ്ടാക്കുമെന്നും പ്രധാനമന്ത്രി പോസ്റ്റിന് അടികുറിപ്പായി കുറിച്ചു.

Related Articles

Latest Articles