Wednesday, September 30, 2026

റിഫമെഹ്‌നുവിന്റെ മരണത്തിൽ ദുരൂഹത?? കഴുത്തില്‍ കണ്ടെത്തിയ അടയാളം കേസന്വേഷണത്തില്‍ വഴിത്തിരിവാകും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം കൈമാറും

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ ദുബായിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്നുവിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ഫോറന്‍സിക് വിഭാഗത്തിന് കൈമാറും. റിഫയുടെ കഴുത്തില്‍ കണ്ടെത്തിയ അടയാളം കേസന്വേഷണത്തില്‍ വഴിത്തിരിവാണ്. അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മരണത്തിലെ ദുരൂഹത നീക്കുകയായിരുന്നു പോസ്റ്റ്മാർട്ടത്തിലെ പ്രധാനലക്ഷ്യം. മറവ് ചെയ്ത് രണ്ട് മാസം കഴിഞ്ഞിരിക്കുന്നു. നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമോ എന്ന സംശയം അന്വേഷണസംഘത്തിന് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം തന്നെയായിരുന്നു മുന്നിലെ കച്ചിത്തുരുമ്പ്. ആര്‍.ഡി.ഒയുടെ അനുമതി വാങ്ങി ഇന്നലെ മൃതദേഹം പുറത്തെടുത്തു.

പരിശോധനയില്‍ കഴുത്തില്‍ ആഴത്തിലുള്ള അടയാളം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ ബാഹ്യമായി കണ്ടെത്തിയ ഏക അടയാളം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോ നടന്നതെന്ന് കണ്ടെത്താനാകൂ. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ഫോറന്‍സിക് വിഭാഗം കൈമാറും.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നല്‍കിയിരുന്നത്. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍.

Related Articles

Latest Articles