Sunday, May 19, 2024
spot_img

ഫ്രാൻസിൽ കലാപം ആളിക്കത്തുന്നു ! 667 പ്രക്ഷോഭകാരികൾ അറസ്റ്റിൽ; അടിയന്തര യോഗം വിളിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ

പാരീസ് : അൾജീരിയൻ – മൊറോക്കൻ വംശജനായ പതിനേഴുകാരനെ പോലീസ് ഉദ്യോഗസ്ഥൻ വാഹന പരിശോധനയ്ക്കിടെ വെടിവ‌ച്ചുകൊന്നതിനെത്തുടർന്ന് ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട കലാപം മൂന്നാം ദിനവും അക്രമാസക്തമായി തുടരുന്നു. കലാപകാരികൾ വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. നിരവധി ബാങ്കുകൾ കൊള്ളയടിക്കപ്പെട്ടതായും വാർത്തകൾ പുറത്തു വന്നു. ആക്രമണ സംഭവങ്ങളിലായി 250 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കലാപകാരികളായ 667 പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ ഭൂരിഭാഗവും 14നും 18നും ഇടയിൽ പ്രായമുള്ളവരാണെന്ന് ആഭ്യന്തരമന്ത്രി ജെറാൾഡ് ദർമനിൻ പറഞ്ഞു. നിലവിൽ 40,000 പോലീസുകാരെയാണ് സംഘർഷ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

വാഹനമോടിച്ച് കയറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് നയീൽ എന്ന പതിനേഴുകാരനെയാണു വാഹനപരിശോധനയ്ക്കിടെ പൊലീസ് വെടിവച്ച് കൊന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് പറയുന്നത് കള്ളമാണെന്ന് തെളിഞ്ഞു. വെടിയുതിർത്ത പൊലീസുകാരനെതിരെ കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്. ഇയാളെ കരുതൽ തടങ്കലിലേക്കു മാറ്റി.
കലാപം പടർന്നു പിടിക്കുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതുവരെ ശാന്തരാകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും മക്രോൺ പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു.

Related Articles

Latest Articles