Saturday, December 13, 2025

ഹനുമാനായി ഞെട്ടിച്ച് ഋഷഭ് ഷെട്ടി ! സൈബറിടത്തിൽ തരംഗമായി ജയ് ഹനുമാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ

പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിൽ എത്തുന്ന ‘ജയ് ഹനുമാൻ’ സിനിമയില്‍ ടൈറ്റിൽ വേഷത്തിൽ കാന്താരയിലൂടെ ശ്രദ്ധേയനായ ഋഷഭ് ഷെട്ടി എത്തും. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം സൈബർ ലോകത്ത് തരംഗമായി മാറിയിട്ടുണ്ട്. ശ്രീരാമ വിഗ്രഹം കയ്യില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഋഷബിനെയാണ് ഫസ്റ്റ് ലുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഋഷഭിൻ്റെ ആകർഷണീയമായ ശാരീരികക്ഷമതയും ഹനുമാൻ്റെ സ്വഭാവത്തെ നിർവചിക്കുന്ന ഭക്തിയും പോസ്റ്ററിൽ എടുത്തുകാണിക്കുന്നു. ഹനുമാൻ്റെ ഐതിഹാസിക ഗുണങ്ങൾ ഉൾക്കൊള്ളാൻ അദ്ദേഹം തികച്ചും അനുയോജ്യനാണെന്ന് പോസ്റ്ററിൽ നിന്ന് വ്യക്തമാണ്.

ഈ വര്‍ഷത്തെ ഹിറ്റ് തെലുങ്ക് സിനിമകളില്‍ ഒന്നായിരുന്നു ‘ഹനുമാന്‍’. തന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായാണ് സംവിധായകന്‍ പ്രശാന്ത് വര്‍മ ഹനുമാന്‍ ഒരുക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായാകും ജയ് ഹനുമാൻ എത്തുക.

ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റില്‍ ആണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. പുഷ്പ, ജനത ഗാരേജ്, രംഗസ്ഥലം തുടങ്ങിയ സിനിമ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ജയ് ഹനുമാന്‍ നിർമിക്കുന്നത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 40 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ആദ്യ ഭാഗമായ ഹനുമാന്‍ 350 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

ജയ് ഹനുമാനെ കൂടാതെ മറ്റു ചില സിനിമകളും പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശാന്ത് വര്‍മ്മ തന്നെ സംവിധാനം ചെയ്യുന്ന ‘അധീരാ’ ആണ് അതില്‍ ഒന്ന്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. ‘മഹാകാളി’ എന്ന സിനിമയും ഈ യൂണിവേഴ്‌സില്‍ ഉള്‍പ്പെടും. പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഫീമെയില്‍ സൂപ്പര്‍ ഹീറോ ചിത്രമാണ് ‘മഹാകാളി’.

Related Articles

Latest Articles