വിഴിഞ്ഞം : ദീപാവലി ആഘോഷത്തിനിടെ പൊട്ടാതെ കിടന്ന അമിട്ട് എടുത്ത് മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത നിലയില്‍ മാംസഭാഗങ്ങള്‍ ചിന്നിച്ചിതറിയതിനെത്തുടർന്ന് യുവാവിന്റെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി.മുല്ലുര്‍ തലയ്ക്കോട് സ്വദേശി നയന്‍ പ്രഭാതിന്റെ(20) വലതുകൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്. ഇന്നലെ രാത്രി പത്തോടെയാണ് അപകടം.
നയനും സുഹൃത്തുക്കളും വീട്ടുമുറ്റത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതിനിടെ ഒരു അമിട്ട് കത്തിച്ച് റോഡിലേക്ക് എറിഞ്ഞെങ്കിലും ഇത് പൊട്ടിയിരുന്നില്ല.അൽപ സമയത്തിന് ശേഷം റോഡിലൂടെ ലോറി വരികയും ഇതോടെ നയൻ ഓടിച്ചെന്ന് നേരത്തെ പൊട്ടാതെ കിടന്നിരുന്ന അമിട്ട് റോഡില്‍നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അമിട്ട് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ നയനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, ചിന്നി ചിതറിയ ഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തനിലയിലായിരുന്നു. ഇതോടെ ബന്ധുക്കളുടെ സമ്മതത്തോടെ വലതുകൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു.

