Monday, May 20, 2024
spot_img

128 പേരുടെ പിന്തുണ; ബ്രിട്ടിഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ഋഷി

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കൺസർവേറ്റീവ് പാർട്ടിയുടെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലിസ് ട്രസിനോട് പരാജയം ഏറ്റുവാങ്ങി സുനക് അവസാന റൗണ്ടിൽ പുറത്തായിരുന്നു. മത്സരിക്കാൻ 100 എംപിമാരുടെ പിന്തുണ വേണമെന്നിരിക്കെ സുനക്കിനെ 128 പേർ പിന്തുണയ്ക്കുന്നുണ്ടെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്.

‘യുകെ എന്നത് മഹത്തായ രാജ്യമാണ്, എന്നാൽ നാം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. അതുകൊണ്ടാണ് ഞാൻ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായും അടുത്ത പ്രധാനമന്ത്രിയാകാനും നിൽക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനും പാർട്ടിയെ ഐക്യപ്പെടുത്തി രാജ്യത്തിനായി സമർപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു.’– ഋഷി സുനക് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അവസാന റൗണ്ടുകളിൽ ലിസ് ട്രസിനോടു തോറ്റ പെനി മോർഡന്റ് ഔദ്യോഗികമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും മത്സരരംഗത്ത് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും അദ്ദേഹം ഇതുവരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ല. ഇതുവരെ 46 പേരുടെ പിന്തുണ നേടാനെ ബോറിസിന് കഴിഞ്ഞിട്ടുള്ളൂ എന്നാണ് റിപ്പോർട്ട്. വേറെയും സ്ഥാനാർഥിയുണ്ടെങ്കിൽ 1.7 ലക്ഷം പാർട്ടി അംഗങ്ങളുടെ ഓൺലൈൻ വോട്ട് നിർണായകമാകും.

Related Articles

Latest Articles