Saturday, May 18, 2024
spot_img

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആചാര ലംഘനം ! ഏകാദശി ദിവസം തിരുവമ്പാടി ശ്രീകൃഷ്ണനെ മോഹിനീ അലങ്കാരം ചാർത്തുന്ന ചടങ്ങ് ചരിത്രത്തിലാദ്യമായി മുടങ്ങി ; ഭക്തർ കടുത്ത അമർഷത്തിൽ

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഗുരുതര ആചാര ലംഘനം. ഏകാദശി ദിവസം തിരുവമ്പാടി ശ്രീകൃഷ്ണനെ മോഹിനീ അലങ്കാരം ചാർത്തുന്ന ചടങ്ങ് ക്ഷേത്രത്തിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായി മുടങ്ങി. പത്മനാഭസ്വാമി കഴിഞ്ഞാൽ ക്ഷേത്രത്തിൽ പ്രാധാന്യമുള്ളത് തിരുവമ്പാടി കൃഷ്ണനും നരസിംഹ സ്വാമിക്കുമാണ്. കളഭവും കലശവും ഇല്ലാത്ത ഏകാദശികൾക്കാണ് തിരുവമ്പാടി കൃഷ്ണന് ചന്ദനത്തിൽ മോഹിനീ അലങ്കാരം ചാർത്തുന്നത്.

ആവശ്യത്തിന് ചന്ദനം ഇല്ലാതിരുന്നതാണ് ചടങ്ങ് മുടങ്ങാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ആവശ്യമായ ചന്ദനം അരയ്‌ക്കേണ്ടത് കീഴ്‌ശാന്തിമാരാണ്. ഇതിന് അവരെ ചുമതലപ്പെടുത്തുന്നത് മേൽശാന്തിമാരായ നമ്പിമാരാണ്. കാലങ്ങളായി ക്ഷേത്രത്തിൽ ചന്ദനം അരയ്ക്കുന്നത് യന്ത്രമുപയോഗിച്ചാണ്. എന്നാൽ ഏകാദശീ ദിനത്തിന് തൊട്ടുമുമ്പ് യന്ത്രം സർവീസ് ചെയ്യാനായി മാറ്റി. അതിനാൽ തന്നെ ചന്ദനം കണക്കുകൂട്ടി നേരത്തേ അരച്ചു സൂക്ഷിച്ചു. എന്നാൽ അത് ആവശ്യമായ അളവിൽ ഉണ്ടായിരുന്നില്ല.

മോഹിനീ അലങ്കാരം ചാർത്താനുളള അളവിൽ ചന്ദനം സൂക്ഷിച്ചിട്ടില്ല എന്ന് മനസിലാക്കിയിട്ടും ഇക്കാര്യം നമ്പിമാരെ അറിയിക്കാനോ കൈകൊണ്ട് ചന്ദനം അരച്ചെടുക്കാനുളള നടപടി സ്വീകരിക്കാനോ കീഴ്‌ശാന്തിമാർ തയ്യാറായില്ലെന്നും ആരോപണം ഉയരുന്നുണ്ട്. തിരുവമ്പാടി ശ്രീകൃഷ്ണനെ മോഹിനീ അലങ്കാരം ചാർത്തുന്ന ചടങ്ങ് ദർശിക്കാൻ വൻ ഭക്തജനക്കൂട്ടമാണ് എല്ലാ പ്രാവശ്യവും ക്ഷേത്രത്തിൽ എത്തുന്നത്. ഇത്തവണ എത്തിയ ഭക്തർ നിരാശയോടെ മടങ്ങിപ്പോയി. ആചാരലംഘനം നടന്നതിൽ ഭക്തർ കടുത്ത നിരാശയിലും അമർഷത്തിലുമാണ്. നടന്നത് പൊറുക്കാനാവാത്ത തെറ്റാണെന്നും ഇത് ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും ഭക്തർ ആവശ്യപ്പെട്ടു.

Related Articles

Latest Articles