Tuesday, May 14, 2024
spot_img

നിരന്തരമുള്ള അപമാനവും വ്യക്തിഹത്യയും! ഗുജറാത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രോഹൻ ഗുപ്ത കോൺഗ്രസ് വിട്ടു

അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നിൽക്കെ ഗുജറാത്തില്‍ കോൺഗ്രസിന് കനത്ത തിരിച്ചടി സമ്മാനിച്ചു കൊണ്ട് പ്രമുഖ നേതാവും സ്ഥാനാര്‍ത്ഥിയുമായിരുന്ന രോഹൻ ഗുപ്ത പാർട്ടി വിട്ടു. അച്ഛന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രോഹൻ ഗുപ്ത സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നൊഴിഞ്ഞത്. അഹമ്മദാബാദ് ഈസ്റ്റിലെ സ്ഥാനാർത്ഥിയായിരുന്നു രോഹൻ ഗുപ്ത.

കോൺഗ്രസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് രോഹൻ പാര്‍ട്ടി വിട്ടിരിക്കുന്നത് എന്നതാണ് കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കി മാറ്റിയിരിക്കുന്നത്. നിരന്തരമുള്ള അപമാനവും വ്യക്തിഹത്യയും മൂലമാണ് തനിക്ക് പാര്‍ട്ടി വിടേണ്ടി വന്നതെന്ന് രോഹൻ ഗുപ്ത തുറന്നടിച്ചു. രാജിക്കത്തിന്‍റെ പകര്‍പ്പ് അദ്ദേഹം സമൂഹമാധ്യമങ്ങളിലും പങ്കുവയ്ക്കുകയും ചെയ്തു. ഗുജറാത്തിലെ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളാണ് തനിക്ക് പ്രശ്നം സൃഷ്ടിച്ചതെന്നും രോഹൻ ഗുപ്ത രാജിക്കത്തില്‍ പറയുന്നുണ്ട്.

മെയ് ഏഴിന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുക. നിലവില്‍ ഗുജറാത്തിലെ 26 സീറ്റിലും ബിജെപിയാണ് വിജയിച്ചിരിക്കുന്നത്. ഇത്തവണയും ഗുജറാത്തിൽ കോൺഗ്രസിനോ ഇൻഡി മുന്നണിക്കോ വലിയ പ്രതീക്ഷകളില്ല .

Related Articles

Latest Articles