തിരുവനന്തപുരം: സംഘഗംഗയെ ഡോ കേശവ ബൽറാം ഹെഡ്ഗേവാർ എന്ന അഭിനവ ഭഗീരഥൻ ഭാരതത്തിലെത്തിച്ചിട്ട് ഇന്ന് 99 വർഷങ്ങൾ തികയുന്നു. 1925 ലെ വിജയദശമി ദിനത്തിലാണ് രാഷ്ട്രീയ സ്വയം സേവക സംഘം എന്ന പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകുന്നത്. 2025 ൽ സംഘടനയ്ക്ക് നൂറു തികയുകയാണ്. കേരളത്തിൽ വിജയദശമി ആഘോഷങ്ങൾ ഇന്ന് നടക്കും. സംസ്ഥാനത്തെ 194 കേന്ദ്രങ്ങളിൽ പഥസഞ്ചലനങ്ങളും പൊതു സമ്മേളനങ്ങളും നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ദക്ഷിണ കേരള പ്രാന്തത്തിൽ നൂറും തൃശൂർ മുതൽ കാസർകോട് വരെയുള്ള ഉത്തര കേരള പ്രാന്തത്തിൽ 94 കേന്ദ്രങ്ങളിലുമാണ് പരിപാടികൾ നടക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് സ്വയംസേവകർ പഥസഞ്ചലനത്തിൽ പങ്കെടുക്കും. സംഘബന്ധുക്കളും അനുഭാവികളും പൊതുജനങ്ങളും സഞ്ചലന ശേഷമുള്ള പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും.
തിരുവനന്തപുരം പത്മനാഭ നഗരത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പഥസഞ്ചലനം ഇന്ന് വൈകുന്നേരം നാലുമണിക്ക് ആരംഭിക്കും. ഫോർട്ട് ഹൈസ്കൂൾ മൈതാനിയിൽ നിന്നാരംഭിക്കുന്ന സഞ്ചലനം പഴവങ്ങാടി വഴി കിഴക്കേ നടയും തെക്കേനടയും കടന്ന് പത്മനാഭ സ്വാമി ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്‌ത് ഫോർട്ട് ഹൈസ്കൂൾ മൈതാനിയിൽ തന്നെ അവസാനിക്കും. അഞ്ചുമണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ മേജർ ജനറൽ എം വിനയചന്ദ്രൻ അദ്ധ്യക്ഷ പ്രഭാഷണം നടത്തും. ആർ എസ്സ് എസ്സ് തിരുവനന്തപുരം വിഭാഗ് പ്രൗഢപ്രമുഖ് ആർ സുരേഷ്‌കുമാർ വിജയദശമി ദിന സന്ദേശം നൽകും
ആർ എസ്സ് എസ്സ് നാഗ്പ്പൂർ ആസ്ഥാനത്ത് ഇന്നലെ വിജയദശമി ആഘോഷങ്ങൾ നടന്നിരുന്നു. സർസംഘ് ചാലക് ഡോ. മോഹൻജി ഭഗവത് വിജയദശമി ദിന സന്ദേശം നൽകി. രാഷ്ട്രത്തിനെതിരെ നടക്കുന്ന ചില വിദേശ ഗൂഡാലോചനകളെ അദ്ദേഹം തന്റെ വിജയദശമി ദിന സന്ദേശത്തിൽ തുറന്നുകാട്ടി. ദുർബലരായും അസംഘടിതരായും തുടരുക എന്നത് അതിക്രമം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമായിരിക്കുമെന്നും ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ഈ പാഠം പഠിക്കണമെന്നും അദ്ദേഹം ആഹ്വനം ചെയ്‌തു. ഐ എസ് ആർ ഒ മുൻ ചെയർമാൻ ൽ രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. 2025 വിജയദശമി മുതൽ 2026 വിജയദശമി വരെ ഒരു വർഷം നീളുന്ന വിപുലമായ പരിപാടികളാണ് സംഘടന നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിശ്ചയിച്ചിരിക്കുന്നത്.

