Monday, December 15, 2025

കാട്ടാക്കടയിൽ ആര്‍എസ്എസ് മണ്ഡൽ കാര്യവാഹിന് കുത്തേറ്റു; നില അതീവ ഗുരുതരം, പിന്നിൽ ലഹരി മാഫിയയെന്ന നിഗമനത്തിൽ പോലീസ്

തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് മണ്ഡൽ കാര്യവാഹിന് കുത്തേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിൽ ഉത്സവം കണ്ടു മടങ്ങാനിരിക്കെയാണ് ആക്രമണമുണ്ടായത്.

വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയതിന് പിന്നാലെയാണ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് തന്നെയാണ് ശസ്ത്രക്രിയ നടത്തിയത്. വാരിയെല്ലിനേറ്റ പരിക്കാണ് കൂടുതൽ ഗുരുതരം.

ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയ സംഘമാണെന്നാണ് പോലീസ് നിഗമനം. അമ്പലത്തിൻകാലയിൽ ആര്‍എസ്എസ് പ്ലാവൂര്‍ മണ്ഡലം കാര്യവാഹാണ് വിഷ്ണു. സ്ഥലത്ത് പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

Related Articles

Latest Articles