പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഫസ്റ്റ്ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ ഇതുവരെ 26 പ്രതികളാണ് അറസ്റ്റിലായത്.
അതേസമയം, ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ പാലക്കാട് കൊലപ്പെടുത്തിയ കേസിൽ ഇനിയും 10 പ്രതികളെ പിടികൂടാനുണ്ട്. പ്രതികൾ എല്ലാവരും പോപ്പുലർ ഫ്രണ്ട് ഭീകരരാണ്. മുഖ്യ സൂത്രധാരൻ റഷീദ് ഉൾപ്പെടെ ക്രൂരമായ നരഹത്യ നടത്തിയ പ്രതികൾ ഇപ്പോഴും പിടി കൊടുക്കാതെ ഒളിവിൽ കഴിയുമ്പോഴാണ് പോലീസ് ഇന്ന് ഈ കേസിലെ കുറ്റപത്രം സമർപ്പിക്കുന്നത്. ഇതിനിടയിൽ പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നിട്ടുണ്ട്.
2022 ഏപ്രിൽ 16നാണ് പാലക്കാട് മേലാ മുറിയിലെ കടയിൽ കയറി ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ ഭീകരവാദികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ചേർന്ന് മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിലുള്ള പത്തോളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞിരുന്നു. തലയിൽ മൂന്ന് മുറിവുകളും കൈകാലുകളിൽ ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള കൃത്യമായ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ട എല്ലാ പ്രതികളെയും പോലീസിന് പിടികൂടാനായിട്ടില്ല.

