തിരുവനന്തപുരം: അനന്തപത്മനാഭന്റെ തിരുനടയിൽ അർദ്ധരാത്രി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പഥസഞ്ചലനത്തോടെ തലസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമായി. പാളയം ,മഹാഗണപതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പഥസഞ്ചലനം കിഴക്കേകോട്ടയിലാണ് സമാപിച്ചത്. നൂറുകണക്കിന് സ്വയംസേവകരാണ് പങ്കെടുത്തത്. അഖണ്ഡഭാരത സ്‌മൃതിദിനത്തിന്റെ ഭാഗമായി ആർ എസ്സ് എസ്സ് തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പഥസഞ്ചലനം. സ്വാതന്ത്ര്യദിനം അഖണ്ഡ ഭാരത സ്‌മൃതിദിനമായിട്ടാണ് ആർ എസ്സ് എസ്സ് ആചരിക്കുന്നത്.
77 വർഷങ്ങൾക്ക് മുമ്പ് രാജ്യം സ്വാതന്ത്യം നേടിയ അർദ്ധരാത്രി കൃത്യം പന്ത്രണ്ട് മണിക്ക് തന്നെ വിസിൽ മുഴങ്ങി. ഘോഷ് വാഹിനി ഉൾപ്പെടെയുള്ള പഥസഞ്ചലനം തുടർന്നുള്ള മൂന്നു കിലോമീറ്റർ ഒരേ വേഗതയിലും ഒരേ താളത്തിലും നടന്നു നീങ്ങിയത് നഗരവാസികൾക്ക് കൗതുകമായി. തിരുവനന്തപുരം മഹാനഗരം കഴിഞ്ഞ അഞ്ചുവർഷമായി സ്വാതന്ത്ര്യദിന സഞ്ചലനം നടത്തിവരാറുണ്ട്. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന സഞ്ചലനങ്ങൾ സംഘടന സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തവണ തിരുവനന്തപുരത്തിന് പുറമെ ആറ്റിങ്ങലിലും എറണാകുളത്തും അർദ്ധരാത്രി സഞ്ചലനങ്ങളാണ്. മറ്റുള്ള കേന്ദ്രങ്ങളിൽ ആഗസ്റ്റ് 15 പകൽ സമയമാണ് സ്വാതന്ത്ര്യദിന സഞ്ചലനം നിശ്ചയിച്ചിരിക്കുന്നത്.

