Saturday, May 18, 2024
spot_img

കടന്നുപോയ 98 വർഷങ്ങളുടെ സഞ്ചാരപഥം ഓർമകളിൽ നിറച്ച് നിരത്തുകളിൽ സംഘവാഹിനികളുടെ വരവായി; രാഷ്ട്രീയ സ്വയംസേവക സംഘം വിജയദശമി പഥസഞ്ചലനങ്ങൾക്ക് ഇന്ന് തുടക്കം; തിരുവനന്തപുരം മഹാനഗരത്തിന്റെ പഥസഞ്ചലനം 24 ന് വൈകുന്നേരം പാളയത്ത് നിന്നും

തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിജയദശമി പഥസഞ്ചലനങ്ങൾക്ക് ഇന്ന് തുടക്കമാകും. സംഘത്തിന്റെ ജന്മദിനമായ വിജയദശമി ദിനത്തോടനുബന്ധിച്ചാണ് പഥസഞ്ചലനങ്ങൾ നടക്കുന്നത്. 98 വർഷങ്ങളുടെ സമ്പന്നമായ സഞ്ചാരപഥം ഓർമ്മകളിൽ നിറച്ചാണ് ഇത്തവണ നൂറുകണക്കിന് ഗണവേഷ ധാരികളായ സ്വയംസേവകർ പഥസഞ്ചലനങ്ങളിൽ അണിനിരക്കുന്നത്. 1925 ലെ വിജയദശമി നാളിലാണ് സംഘ സ്ഥാപകനായ ഡോ കേശവ ബൽറാം ഹെഡ്ഗേവാർ സംഘടയ്ക്ക് രൂപം നൽകിയത്.

തിരുവനന്തപുരം മഹാനഗരത്തിന്റെ പഥസഞ്ചലനം വിജയദശമി ദിനമായ 24 ന് വൈകിട്ട് 3.30ന് പാളയത്തുനിന്ന് പഥസഞ്ചലനം ആരംഭിക്കും. പാപ്പനംകോട്, തിരുവല്ലം ആറ്റുകാല്‍ പത്മനാഭ നഗരങ്ങള്‍ നന്ദാവനം റോഡിലും ശംഖുമുഖം കഴക്കൂട്ടം ശ്രീകാര്യം നഗരങ്ങള്‍ പാളയം ഹനുമാന്‍ ക്ഷേത്രത്തിനുമുന്നിലും പേരൂര്‍ക്കട വട്ടിയൂര്‍ക്കാവ് പൂജപ്പുര നഗരങ്ങള്‍ മ്യൂസിയം റോഡ് ഭാഗത്തുനിന്നും ചേരുന്ന സഞ്ചലനം പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും. വൈകിട്ട് 5.30ന് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്കപ്രമുഖ് കെ.ബി.ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. നെടുമങ്ങാട് സംഘ ജില്ലയുടെ പഥസഞ്ചലനവും 24 ന് നടക്കും. വെഞ്ഞാറമൂട്, നെടുമങ്ങാട് ഖണ്ഡുകളിലെ പഥസഞ്ചലനം കന്യാകുളങ്ങരയില്‍ നിന്നും പാലോട്, വെള്ളനാട് ഖണ്ഡുകളിലെ പഥസഞ്ചലനം വെമ്പായം മുക്കംപാലമൂട് നിന്നും 3.30ന് ആരംഭിച്ച് മഞ്ചാടിമൂട്ടില്‍ സമാപിക്കും. പിരപ്പന്‍കോട് മഞ്ചാടിമൂട് വൈകിട്ട് 5.30ന് നടക്കുന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹസമ്പര്‍ക്കപ്രമുഖ് പി.എന്‍.ഹരികൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. റിട്ട. ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥന്‍ വി.സുധാകരന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും.

ആറ്റിങ്ങല്‍ സംഘ ജില്ലയിയുടെ പഥസഞ്ചലനം ഇന്ന് ഉച്ചയ്‌ക്കുശേഷം 3.30ന് ആറ്റിങ്ങല്‍ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നില്‍ നിന്ന് ആരംഭിക്കും. പാലസ് റോഡുവഴിയും കച്ചേരി നടവഴിയും വരുന്ന പഥസഞ്ചലനങ്ങള്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു സമീപം നാലുമുക്കില്‍ സംഗമിച്ച് മാമം ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് വൈകിട്ട് 5ന് നടക്കുന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം ക.ബ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. റിട്ട. ജില്ലാ ജഡ്ജി ആര്‍.രാമബാബുഅദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരം ഗ്രാമജില്ലയിലെ പഥസഞ്ചലനവും കാട്ടാക്കടയില്‍ ഇന്ന് നടക്കും. പൊട്ടന്‍കാവ്, കണ്ടല എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന പഥസഞ്ചലനങ്ങള്‍ കാട്ടാക്കട നഗരത്തില്‍ സംഗമിച്ച് ക്രിസ്ത്യന്‍ കോളേജ് മൈതാനിയില്‍ സമാപിക്കും. സമാരോപ് പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. റിട്ട. എസ്പി സനല്‍കുമാര്‍ അദ്ധ്യക്ഷനാകും.

Related Articles

Latest Articles