Tuesday, September 22, 2026

പിണറായിക്കും ഗോവിന്ദനുമെതിരെ സിപിഎമ്മിൽ പുകച്ചിൽ; എം.എ ബേബിയുടെ പിന്തുണയോടെ ‘പുതുചേരി’ സജീവമാകുന്നു? നിയമസഭയ്ക്കുള്ളിൽ പിണറായി വിജയനെ പരസ്യമായി തിരുത്തി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: സിപിഎമ്മിൽ പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ ഉൾപ്പാർട്ടി പോര് ശക്തമാകുന്നു. മുതിർന്ന നേതാവ് എം.എ ബേബിയുടെ അനുഗ്രഹാശിസ്സുകളോടെ പാർട്ടിയിൽ പുതിയൊരു ചേരി രൂപപ്പെടുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഭരണനേതൃത്വത്തിലും പാർട്ടി സംഘടനയിലും തിരുത്തലുകൾ വേണമെന്ന ആവശ്യവുമായി ഉയർന്നുവരുന്ന ഈ പുതുവിഭാഗം, നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷ നേതാവായ പിണറായി വിജയനെ പരസ്യമായി തിരുത്തുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്.

കീഴ്ഘടകങ്ങളുടെ എതിർപ്പ് മറികടന്ന് തളിപ്പറമ്പിൽ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് വലിയ പിഴവായെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി വിലയിരുത്തുകയും സംസ്ഥാന നേതൃത്വം അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എം.എ ബേബി നടത്തിയ പരസ്യ പ്രതികരണങ്ങൾ എം.വി ഗോവിന്ദനെതിരെയുള്ള ഉൾപ്പാർട്ടി വിമർശനങ്ങൾക്ക് അടിവരയിടുന്നതായിരുന്നു. മലപ്പുറത്ത് നടന്ന ഇ.എം.എസ് ദേശീയ സെമിനാറിൽ പാർട്ടി ജനറൽ സെക്രട്ടറി ഉന്നയിച്ച സംഘടനാപരമായ ദൗർബല്യങ്ങളെ, വ്യക്തിപരമായ വീഴ്ചകളില്ലെന്ന് പറഞ്ഞ് പിണറായിയും ഗോവിന്ദനും ഒരേ സ്വരത്തിൽ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പാർട്ടിക്കുള്ളിലെ അസംതൃപ്തി പുകയുകയാണ്.

നേതൃമാറ്റമെന്ന ആവശ്യം പെട്ടെന്ന് അംഗീകരിക്കപ്പെടില്ലെന്ന തിരിച്ചറിവിലാണ് യുവനേതൃനിരയെ അണിനിരത്തി പുതുവിഭാഗം നീക്കങ്ങൾ സജീവമാക്കുന്നത്. പി. രാജീവ്, എം. സ്വരാജ്, കെ.എൻ ബാലഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ നീക്കങ്ങൾക്ക് മുൻനിരയിലുണ്ടെന്നാണ് വിവരം. ഇവർക്ക് പുറമെ ഇ.പി ജയരാജൻ, പി.കെ ശ്രീമതി, പി. ജയരാജൻ എന്നിവരടങ്ങുന്ന വലിയൊരു നിരയും ഈ പുതുചേരിക്ക് പിന്നണിയിൽ പിന്തുണ നൽകുന്നുണ്ട്. തിരുത്തലുകൾക്കായി ഒരു പ്ലീനം വിളിക്കണമെന്ന ആവശ്യം നേതൃത്വം വിപുലീകൃത സംസ്ഥാന സമിതിയിലേക്ക് ഒതുക്കിയതും ഈ അധികാരമാറ്റ നീക്കങ്ങളെ ഭയന്നാണെന്ന് വിലയിരുത്തപ്പെടുന്നു.

പാർട്ടിക്കകത്തും പുറത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന വ്യക്തമായ സൂചന കഴിഞ്ഞ ദിവസം നിയമസഭയ്ക്കുള്ളിലും ദൃശ്യമായി. സർക്കാരിനെ രൂക്ഷ ഭാഷയിൽ കെഎൻ ബാലഗോപാൽ വിമർശിക്കുമ്പോൾ പിണറായി എതിർ സ്വരമുയർത്തുന്നതും ഉടൻ അവിടെ വെച്ച് തന്നെ ‘ഇങ്ങനെ ഭരണ പക്ഷം പറയുന്നത് കേട്ടുകൊണ്ട് നിൽക്കേണ്ടതില്ലെന്ന് അതേ സ്വരത്തിൽ ബാലഗോപാൽ പിണറായിക്ക് മറുപടി നൽകുന്നതിനും സഭ സാക്ഷിയായി. വരുന്ന ഓഗസ്റ്റിലാണ് പാർട്ടി റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്കായി വിപുലീകൃത സംസ്ഥാന സമിതി ചേരുന്നത്. തൽക്കാലം വലിയ നേതൃമാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ പോലും, പുതുതലമുറ നേതാക്കൾ ഉയർത്തിയ ഈ കലാപക്കൊടി വരാനിരിക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ വലിയൊരു അധികാരമാറ്റത്തിന് വഴിതുറക്കുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല.

Related Articles

Latest Articles